രാഹുലിനെ ഇത്തവണ പ്രതിപക്ഷത്ത് ഇരുത്താനും അടുത്ത തവണ ഭരണപക്ഷത്ത് ഇരുത്താനും വിജയിപ്പിക്കണം; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
പാലക്കാട്: പാലക്കാട് നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇത്തവണ പ്രതിപക്ഷത്ത് ഇരുത്താനും അടുത്ത തവണ ഭരണപക്ഷത്ത് ഇരുത്താനും വിജയിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് കലക്കല്‍ മാത്രമാണ്. പൂരം കലക്കിയത് പോലെയെന്നും അദ്ദേഹം പറഞ്ഞു. കോടതികള്‍ ഇത്രയേറെ വിമര്‍ശിച്ച സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടുണ്ടാകില്ല. ഇനി ഉണ്ടാവുക ജനകീയ കോടതിയുടെ വിധിയെഴുത്താണ്. സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നു. കല്‍പ്പാത്തി രഥോത്സവവുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ ഈ ആവശ്യം. വിശ്വാസികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിവാശി കാണിക്കരുത്. തിരഞ്ഞെടുപ്പ് മാറ്റാന്‍ നിരന്തരം കമ്മീഷനോട് ആവശ്യപ്പെടും. തിരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതില്‍ തടസ്സമില്ല. തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കമ്മീഷനെ സമീപിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് ഷാഫി പറമ്പില്‍ എം പിയും ആവശ്യപ്പെട്ടിരുന്നു. കല്‍പാത്തി രഥോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 13നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാടിനെ സംബന്ധിച്ചിടത്തോളം നവംബര്‍ 13 ന് വോട്ടോടുപ്പ് നടക്കുന്നത് അനുയോജ്യമായിരിക്കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് തീയതി നീട്ടണം എന്നല്ല ആവശ്യപ്പെടുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. നേരത്തേ ആക്കുന്നതായിരിക്കും ഉചിതം. കല്‍പാത്തി രഥോത്സവം നടക്കുന്ന നവംബര്‍ 13, 14, 15 ദിവങ്ങളില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തും. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം കൂടിയാണ് കല്‍പാത്തി. മാത്രവുമല്ല അവിടങ്ങളില്‍ നിരവധി പോളിങ് ബൂത്തുകളുമുണ്ട്. ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന കാര്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് സംസാരിച്ചിട്ടുണ്ട്. കളക്ടറെ കാര്യങ്ങള്‍ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.