ഫോണിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലാപ്‌ടോപ്പ് വിറ്റ് റിലയൻസ്; ജിയോബുക്കിന് 12,890
തൊട്ടതെല്ലാം പൊന്നാക്കുന്ന മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പുറത്തിറക്കിയ ലാപ്‌ടോപ്പും വിപണിയിൽ തരംഗമാകുന്നു. വിദ്യാർത്ഥികളെ ലക്ഷ്യം വച്ചുള്ള അടിസ്ഥാന മോഡലുകളാണ് ജിയോബുക്ക് എന്ന പേരിൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഉത്സവകാലം പ്രമാണിച്ച് വിലയിൽ വലിയ കുറവു വരുത്തി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
16,499 രൂപയ്ക്ക് അവതരിപ്പിച്ച മോഡൽ ഇപ്പോൾ വെറും 12,890 രൂപയ്ക്ക് സ്വന്തമാക്കാം. 64 ജി.ബി സ്റ്റോറേജും 4 ജി.ബി റാമും ഉള്ള മോഡലാണിത്. ആമസോൺ, റിലയൻസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഓഫർ സ്വന്തമാക്കാം. ജിയോബുക്ക് 11 മോഡലിൽ മീഡിയടെക് 8788 പ്രൊസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 4ജി മൊബൈൽ കണക്ടിവിറ്റി ഉപയോഗിക്കാൻ പറ്റിയ ലാപ്‌ടോപ്പാണിത്. വൈഫൈ സൗകര്യവും ലഭ്യമാണ്. 990 ഗ്രാം മാത്രമാണ് ഭാരം. 11.6 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 12 മാസത്തെ വാറന്റിയുള്ള ജിയോബുക്കിന് എട്ടു മണിക്കൂർ ബാറ്ററി ലൈഫുണ്ട്.
തുടക്കക്കാരായ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഈ ലാപ്‌ടോപ് പുറത്തിറക്കിയിരിക്കുന്നത്. അടിസ്ഥാന ആവശ്യങ്ങൾ മാത്രമുള്ളവർക്ക് ഏറ്റവും അനുയോജ്യമായ ഉത്പന്നമാണിത്.