അമരന്‍റെ റിലീസിന് ശേഷം ബോക്‌സ്ഓഫീസിൽ ശിവകാർത്തികേയൻ സ്ഥാനം പിടിക്കും; സായ് പല്ലവി

തമിഴ് നടൻ ശിവകാര്‍ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ. തമിഴ് സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. വലിയ പ്രതീക്ഷയോടെ റിലീസിന് ഒരുങ്ങുന്ന സിനിമ ശിവകാര്‍ത്തികേയന്റെ കരിയറിൽ ഒരു വഴിത്തിരിവാകും എന്നാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച സായ് പല്ലവി അഭിപ്രായപ്പെടുന്നത്.
അമരനായി ശിവകാർത്തികേയൻ ഏറെ പ്രയത്നിച്ചിട്ടുണ്ടെന്ന് പറഞ്ഞ നടി അമരൻ ഒരു വലിയ ഹിറ്റാകുമെന്നും ഉറപ്പ് നൽകി. ‘കാക്ക കാക്ക’ സൂര്യയ്ക്ക് എങ്ങനെ മികച്ച വിജയം നേടിക്കൊടുത്തുവോ അതുപോലെ അമരന്‍റെ റിലീസിന് ശേഷം ബോക്‌സ്ഓഫീസിൽ ശിവകാർത്തികേയൻ സ്ഥാനം പിടിക്കുമെന്ന് സായ് പല്ലവി പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഹൈദരാബാദിൽ നടന്ന പരിപാടിയിലാണ് നടിയുടെ പ്രതികരണം.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ‘അമരൻ’. ശിവകാർത്തികേയന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ കാണാം. നീണ്ട നാളത്തെ പരിശീലനം നടൻ ഈ ചിത്രത്തിനായി നടത്തിയിരുന്നു. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സിനിമയുടേതായി കഴിഞ്ഞ ദിവസം ഒരു ട്രാൻഫോർമേഷൻ വീഡിയോ പുറത്തുവന്നിരുന്നു. ശിവകാർത്തികേയൻ ആദ്യമായാണ് ആർമി ഓഫീസർ കഥാപാത്രം അവതരിപ്പിക്കുന്നത്. വളരെ ഫിറ്റായ ബോഡി ആവശ്യമായതിനാൽ തന്നെ വർക്ഔട്ടുകൾ കഠിനമായിരുന്നു. ഓരോ ഷോട്ടിന്‍റെ ഇടവേളകളിലും സെറ്റിലും ശിവകാർത്തികേയൻ വർക്ഔട്ടുകൾ തെറ്റിക്കാതെ ചെയ്യുന്നത് വീഡിയോയിൽ കാണാം. മാവീരനിൽ കണ്ട ശിവകാർത്തികേയനിൽ നിന്ന് അമരനിലെ മുകുന്ദിലേക്കുള്ള ദൂരം എത്രത്തോളം ഉണ്ടെന്ന് ആ വീഡിയോയിലൂടെ വ്യക്തമാണ്.