മണ്ഡലകാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ പ്രത്യേക നിർദേശം
കൊച്ചി: ശബരിമല മണ്ഡലകാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിന് പ്രത്യേക നിർദേശം നൽകി ഹൈക്കോടതി. മണ്ഡലകാലത്തെ പരിശോധനകൾ കർശനമാക്കണമെന്നും, ഡ്രൈവർമാർക്ക് ബോധവത്കരണം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം നിലക്കലിന് സമീപം കെഎസ്ആർടിസി കത്തിയതിലും കോടതി റിപ്പോർട്ട് തേടി. വാഹനങ്ങളിൽ അനധികൃത ലൈറ്റുകൾ ഘടിപ്പിക്കുന്നതിനെതിരെയും ഹൈക്കോടതി പ്രതികരിച്ചു. കാഴ്ച പരിമിതി മറക്കുന്ന ലൈറ്റുകൾ അപകടത്തിന് കാരണമാകുന്നു ഇതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് നടപടിയെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.
അതേസമയം പതിനെട്ടാംപടിയില്‍ ഇക്കുറി അനുഭവസ്ഥരായ പൊലീസുകാര്‍ മാത്രമേ ഡ്യൂട്ടിക്കുണ്ടാവുകയുള്ളൂവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു. പമ്പയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഗസ്റ്റ് ഹൗസുകള്‍ നവീകരിച്ചിട്ടുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു. തിരക്ക് പ്രതീക്ഷിച്ച് പുതിയ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു ഭക്തന്‍ പോലും ദര്‍ശനം ലഭിക്കാതെ തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും തീര്‍ത്ഥാടകര്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാകില്ലെന്നും വാസവന്‍ പറഞ്ഞിരുന്നു.