പ്രതികൾ കൊച്ചിയിലെത്തിയത് അലൻവാക്കർ വന്ന വിമാനത്തിൽ; 20ലധികം ഫോണുകൾ കണ്ടെടുത്തു
കൊച്ചി: സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ പരിപാടിക്കിടെ ഫോണുകള്‍ മോഷ്ടിച്ചത് രണ്ട് സംഘങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ട് സംഘങ്ങളാണ് ഫോണ്‍ മോഷ്ടിച്ചത്. രണ്ട് സംഘങ്ങളെയും പൊലീസ് രണ്ടിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തു. ഇതില്‍ ഡല്‍ഹിയില്‍ നിന്നുള്ള സംഘത്തിൽ പെട്ട അതീക്കുര്‍ റഹ്‌മാന്‍, വസീം അഹമ്മദ് എന്നിവർ പിടിയിലായിട്ടുണ്ട്. വസീം അഹമ്മദിനെയാണ് ആദ്യം പിടികൂടിയത്. ഇതിൽ ഒരു പ്രതിക്കെതിരെ ബെംഗളൂരു മഹാദേവ പുര സ്റ്റേഷനിൽ കേസുണ്ട്. ഡല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് പ്രതികള്‍ കൊച്ചിയിലെത്തിയത്.
മുംബൈയില്‍ നിന്നുള്ള സംഘത്തെ ദര്യന്‍ഗഞ്ചില്‍ നിന്നാണ് പിടികൂടിയത്. മുംബൈ സ്വദേശികളായ സണ്ണി ബോല യാദവ്, ശ്യാം ബല്‍വാല്‍ എന്നിവരാണ് അറസ്റ്റിലായത്. മുംബൈ സംഘം ഫ്‌ളൈറ്റ് മാര്‍ഗമാണ് കൊച്ചിയിലെത്തിയത്. മുംബൈയില്‍ നിന്നുള്ള സംഘം കൊച്ചിയില്‍ എത്തിയത് അലന്‍ വാക്കര്‍ വന്ന വിമാനത്തിലാണെന്നും പുട്ട വിമലാദിത്യ പറഞ്ഞു. പിടിയിലായവര്‍ നിരവധി കേസുകളില്‍ പ്രതികളാണ്. കൊച്ചിയില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ എത്രയുണ്ടെന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന ആവശ്യമാണ്.
ഡല്‍ഹിയില്‍ നിന്ന് 20 ഫോണുകളും മുംബൈയില്‍ നിന്ന് 3 ഫോണുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്തതില്‍ 15 എണ്ണം ഐ ഫോണുകളാണ്. മോഷ്ടിച്ച ഫോണുകള്‍ ഒന്നും പ്രതികള്‍ വിറ്റിരുന്നില്ല. മറ്റു ഫോണുകളെ കുറിച്ചുള്ള അന്വേഷണവും തുടരുന്നുണ്ട്. ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം മൊബൈല്‍ ഫോണുകള്‍ മോഷണം പോകുന്നത്. ഫോണുകള്‍ കണ്ടെത്താന്‍ ഡല്‍ഹി പൊലീസിന്റെ സഹായം ഉണ്ടായിരുന്നതായും പുട്ട വിമലാദിത്യ പറഞ്ഞു. ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇത്രയും ഫോണുകള്‍ കണ്ടെത്താന്‍ സാധിച്ചത്. ബാംഗ്ലൂരില്‍ നിന്നും 20 ഫോണുകള്‍ കാണാതെ പോയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലിലാണ് പ്രതികള്‍ കൊച്ചിയില്‍ താമസിച്ചത്. ഫോണുകള്‍ അഴിച്ചു പാര്‍ട്‌സ് ആയി വില്‍ക്കുകയാണ് ഇവരുടെ രീതി.