കഥാപാത്രം എക്സൈറ്റ് ചെയ്യിക്കണം; അല്ലാത്തപക്ഷം എത്ര പ്രതിഫലം കിട്ടിയാലും ഫഹദ് സിനിമ ചെയ്യുകയില്ലെന്ന് ജ്ഞാനവേല്‍

ഫഹദ് ഫാസിലിന് താല്പര്യം തോന്നുന്ന സിനിമകൾ മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂ. സിനിമ തിയേറ്ററിൽ വിജയിക്കുമോ ഇല്ലയോ എന്നതല്ല, ആ കഥാപാത്രം അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിക്കണം. അല്ലാത്തപക്ഷം എത്ര പ്രതിഫലം കൊടുക്കാമെന്ന് പറഞ്ഞാലും ഫഹദ് ആ സിനിമ ചെയ്യുകയില്ലെന്ന് ജ്ഞാനവേല്‍ പറഞ്ഞു. ഫഹദ് വേട്ടയ്യൻ സിനിമയുടെ ഭാഗമായതിനെക്കുറിച്ച് സംവിധയകാൻ ടി ജെ ജ്ഞാനവേലിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
രജനികാന്ത് ചിത്രം വേട്ടയ്യൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രജനിയും അമിതാഭ് ബച്ചനും ഉൾപ്പടെ വലിയ താരനിരയുള്ള സിനിമയിൽ ഏറെ കൈയ്യടി നേടിയ കഥാപാത്രമാണ് ഫഹദ് ഫാസിലിന്റെ പാട്രിക് എന്ന കഥാപാത്രം. സീരിയസ് ആയി പോകുന്ന ചിത്രത്തിൽ ഫഹദിന്റെ കഥാപാത്രം ചിരിക്കാനുള്ള നിരവധി മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.
വേട്ടയ്യന്റെ കഥ കേട്ടയുടൻ ഫഹദിന് ഇഷ്ടപ്പെട്ടെന്നും എന്നാല്‍ മുന്നേ കമ്മിറ്റ് ചെയ്ത സിനിമകൾ മൂലം ഒരു മാസത്തിന് ശേഷം മാത്രമേ തനിക്ക് ജോയിന്‍ ചെയ്യാന്‍ പറ്റുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഫഹദിനെപ്പോലൊരു നടന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കാമെന്ന് താന്‍ പറഞ്ഞപ്പോള്‍ രജനികാന്തും അതിന് സമ്മതം മൂളിയെന്നും ജ്ഞാനവേല്‍ കൂട്ടിച്ചേര്‍ത്തു. സിനിമാവികടനുമായുള്ള അഭിമുഖത്തിലാണ് ജ്ഞാനവേലിന്റെ പ്രതികരണം.
വേലൈക്കാരൻ എന്ന ശിവകാർത്തികേയൻ ചിത്രത്തിൽ വില്ലനായിട്ടാണ് ഫഹദ് തമിഴിലേക്ക് അരങ്ങേറിയത്. തുടർന്ന് സൂപ്പർ ഡീലക്സ്, വിക്രം, മാമന്നൻ തുടങ്ങിയ ചിത്രങ്ങളിൽ ഫഹദ് അഭിനയിച്ചു. മാമന്നനിലെ രത്നവേൽ എന്ന വില്ലൻ കഥാപാത്രത്തിന് വലിയ സ്വീകാര്യതയിരുന്നു തമിഴ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. വടിവേലുവിനോടൊപ്പം മാരീചൻ ആണ് ഫഹദിന്റെ അടുത്ത തമിഴ് ചിത്രം.