വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടിയെടുത്ത് സർക്കാർ
തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്‌മെന്റും വിസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനും ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനുമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍, എന്‍ആര്‍ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവരെ അംഗങ്ങളാക്കിയാണ് ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉത്തരവിറക്കി.
റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപ്പറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്‌മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്‌ഫോഴ്‌സ് എല്ലാ മാസവും യോഗം ചേര്‍ന്ന് വിലയിരുത്തും. കൂടാതെ എന്‍ജിഒ ആയ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രകാരം റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദവും കര്‍ശനവുമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കും.
എന്‍ആര്‍ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും എന്‍ആര്‍ഐ സെല്ലിന് മാത്രമായി ഒരു സൈബര്‍ സെല്‍ രൂപീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എന്‍ആര്‍ഐ സെല്ലിലെ പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കി.റിക്രൂട്ട്മെന്റ് ഏജന്‍സികളെ നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം / നിയമ ചട്ടക്കൂട് ഉണ്ടാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിയമ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിക്രൂട്ട്മെന്റ് ഫീസുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നിരീക്ഷിക്കുന്നതിന് ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച് അസാധാരണമോ സംശയാസ്പദമായതോ ആയ ഇടപാടുകള്‍ ബാങ്കുകള്‍ക്ക് അധികൃതരെ അറിയിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്ലാനിംഗ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനും നിര്‍ദേശവും നല്‍കിയിട്ടുണ്ട്.