ബൈക്ക് യാത്രികൻ്റെ ആക്രമണം; ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ മരിച്ചു

ന്യൂഡൽഹി: ബൈക്ക് യാത്രികൻ്റെ ആക്രമണത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു. കഴിഞ്ഞ സെപ്തംബർ 30 ന് ആയിരുന്നു സംഭവം. ആഞ്ജനേയുലു ( 65) ആണ് മരിച്ചത്.
അമിതവേഗതയിൽ വണ്ടി ഓടിച്ച ബൈക്ക് യാത്രികനോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഭവമുണ്ടായത്. കാൽനടയാത്രക്കാരൻ വേഗത കുറയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ബൈക്ക് യാത്രികൻ ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ആക്രമിക്കുന്ന ദൃശ്യങ്ങളും, സമീപത്തുള്ളവർ നോക്കിനിൽക്കെവയോധികനെ നിലത്തേക്ക് തള്ളുകയും ചെയ്യുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു.പ്രതിയുടെ കൂടെ ഭാര്യയും കുഞ്ഞുമുണ്ടായിരുന്നു. അവർ ബൈക്ക് യാത്രികനെ തടയാൻ ശ്രമിച്ചെങ്കിലും ആഞ്ജനേയുലുവിൻ്റെ അടുത്തേക്ക് ഓടിയെത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആഞ്ജനേയുലുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് ആഞ്ജനേയുലു മരിച്ചത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കുകയും ചെയ്തു.