പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി; കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: കണ്ണൂർ മുൻ എഡിമ്മിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ കക്ഷിചേരാൻ നവീൻ ബാബുവിന്റെ കുടുംബം. നാളെത്തന്നെ നടപടികൾ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കി.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പി പി ദിവ്യ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.
14-ന് രാവിലെയാണ് യാത്രയയപ്പിനെ പറ്റി അറിയുന്നതെന്നും കളക്ടർ ക്ഷണിച്ചത് പ്രകാരമാണ് യോഗത്തിൽ എത്തിയതെന്നും ഹർജിയിൽ പറയുന്നു. പ്രസംഗം സദുദ്ദേശത്തോടെ ആയിരുന്നുവെന്നും ദിവ്യ പറഞ്ഞു.നവീൻ ബാബുവിനെതിരെ കൂടുതൽ ആരോപണങ്ങൾ ഹർജിയിൽ ദിവ്യ ഉന്നയിക്കുന്നുണ്ട്. ഫയലുകൾ വെച്ചു താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തൻ മാത്രമല്ല, ഗംഗാധരൻ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്നും ദിവ്യ ജാമ്യാപേക്ഷയിൽ പറയുന്നു. ഫയൽ നീക്കം വേഗത്തിൽ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അന്വേഷണത്തിൽ നിന്ന് താൻ ഒളിച്ചോടില്ലെന്നും ദിവ്യ പറഞ്ഞു. മുൻകൂർ ജാമ്യം അനുവദിക്കണം. ഗുരുതരാവസ്ഥയിലുള്ള അച്ഛൻ അടക്കം വീട്ടിലുണ്ടെന്നും ഇത്തരം സാഹചര്യങ്ങൾ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയിൽ ആവശ്യപ്പെടുന്നു.
നവീന്റെ മരണം നൽകിയ നടുക്കം ഇപ്പോഴും തന്നെ വിട്ടുമാറിയിട്ടില്ലെന്നും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചതെന്നും കണ്ണൂർ ജില്ലാ കളക്ടർ പറഞ്ഞിരുന്നു.