Latest News

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

 സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ മേളയുടെ ആകര്‍ഷണമായ ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിംഗ് ട്രോഫി മുഖ്യമന്ത്രി ജേതാക്കള്‍ക്ക് സമ്മാനിക്കും.

1926 പോയിന്റുകളുമായി മുന്നിലുള്ള തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തോടടുക്കുകയാണ്. 833 പോയിന്റുകളുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തുണ്ട്. അത്ലറ്റിക്‌സ് മത്സരങ്ങളുടെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ മലപ്പുറം മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 226 സ്വര്‍ണവുമായാണ് തിരുവനന്തപുരം മേളയില്‍ ആധിപത്യം ഉറപ്പിച്ചത്. അവസാന ദിനമായ ഇന്ന് അത്ലറ്റിക് വിഭാഗത്തില്‍ 24 ഇനങ്ങളുടെ ഫൈനല്‍ നടക്കും.

അതേസമയം കായികമേളയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള സിലബസ് പ്രകാരമുള്ള പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പഖ്യാപിച്ചിരിക്കുന്നത്. നേരത്തെ എറണാകുളം ജില്ലയില്‍ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് നേരത്തെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ അവധിയാണ് എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes