ഇതിലും മികച്ചൊരാൾ വേറെയില്ല, ‘രാമായണ’ത്തിലെ രാവണൻ താൻ തന്നെ; യാഷ്

ബോളിവുഡിലെ സ്വപ്‌ന പദ്ധതിയായ രാമായണം സിനിമയിൽ രാവണനാവുന്നത് താൻ തന്നെയെന്ന് സ്ഥീരീകരിച്ച് കന്നഡ സൂപ്പർ താരം യാഷ്. രാവണനല്ലാതെ മറ്റൊരു കഥാപാത്രവും താൻ സ്വീകരിക്കുമായിരുന്നില്ലെന്നും യാഷ് പറഞ്ഞു.
രൺബീർ കപൂർ ശ്രീരാമനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിതേഷ് തിവാരിയാണ്. തെന്നിന്ത്യൻ താരം സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് താനെന്നും യാഷ് അഭിമുഖത്തിൽ പറഞ്ഞു.
താൻ എങ്ങനെയാണ് രാമായണം സിനിമയുടെ ഭാഗമായത് എന്നതിനെക്കുറിച്ചും താരം സംസാരിച്ചു. രാമായണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിഎഫ്എക്സ് കമ്പനിയായ ഡിഎൻഇജിയുടെയും പ്രൈം ഫോക്കസിന്റെയും പ്രതിനിധിയായ നമിത് മൽഹോത്ര തന്നോട് ബന്ധപ്പെട്ടിരുന്നു. ഈ സമയത്ത് ടോക്സിക് എന്ന ചിത്രത്തിന്‍റെ വിഎഫ്എക്‌സ് വർക്കുമായി ബന്ധപ്പെട്ട് താൻ ലോസ് എഞ്ചൽസിലായിരുന്നെന്നും യാഷ് പറഞ്ഞു.
വർഷങ്ങളായി നമിത് മല്‍ഹോത്ര രാമായണം സിനിമയ്ക്കായി പരിശ്രമിക്കുകയായിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം ഒന്നിച്ച് പ്രവർത്തിക്കാനും രാവണനായി അഭിനയിക്കാനും താൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
നടൻ എന്ന നിലയിൽ രാവണൻ ഏറ്റവും ആവേശകരമായ കഥാപാത്രമാണെന്നും മറ്റൊരു കഥാപാത്രത്തെയും സ്വീകരിക്കില്ലായിരുന്നെന്നും യാഷ് അഭിമുഖത്തിൽ പറഞ്ഞു. 825 കോടി രൂപയാണ് രാമായണം സിനിമയുടെ ബജറ്റ്. ചിത്രം 2025 ൽ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി.