Latest News

വയനാട് ദുരന്തം: കേന്ദ്ര നിലപാട് വയനാടിനോടുളള അനീതിയാണെന്ന് രാഹുൽ

 വയനാട് ദുരന്തം: കേന്ദ്ര നിലപാട് വയനാടിനോടുളള അനീതിയാണെന്ന് രാഹുൽ

പാലക്കാട്: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിക്കെതിരെ യുഡിഎഫ് സ്ഥാനാ‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കേന്ദ്ര നിലപാട് വയനാടിനോടുളള അനീതിയാണെന്ന് രാഹുൽ പ്രതികരിച്ചു. സഹായം അവകാശമാണ്. ദുരന്തത്തോട് കേന്ദ്രം മുഖം തിരിച്ച് നിൽക്കുകയാണ്. ഇത് അംഗീകരിക്കാനാകാത്ത നിലപാടാണെന്നും വയനാട്ടിലെ ജനങ്ങളെ ദ്രോഹിക്കുന്ന നയത്തിനെതിരായ പ്രതിഷേധം പാലക്കാട് ഉയരണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ബിജെപി പ്രവർത്തകർ എന്ത് പറഞ്ഞാണ് വോട്ട് പിടിക്കുകയെന്നും ദുരന്തമുണ്ടാകുമ്പോൾ പോലും കൂടെ നിൽക്കാത്ത കേന്ദ്രസർക്കാർ എന്തിനെന്നും രാഹുൽ ചോദിച്ചു. വർഗീയത മാത്രം പറയാനാണോ ബിജെപിയെന്ന് ചോദിച്ച രാഹുൽ ഒരു നാട് നശിച്ച് പോയ സാഹചര്യത്തിൽ പുന‍:നിർമ്മിതിക്ക് കൂടെ നിൽക്കാത്തത് പ്രതിഷേധാത്മകമാണെന്നും ആരോപിച്ചു.

പാലക്കാട്ടെ വ്യാജ വോട്ട് സംബന്ധിച്ച് ഒക്ടോബറിൽ പരാതി കൊടുത്തിരുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു. വോട്ട് ചേർക്കലിൽ ഇടതുമുന്നണിയും ബിജെപിയും തമ്മിൽ പരസ്പര സഹായമുണ്ട്. പാലക്കാടൻ ജനതയെ വിശ്വാസമില്ലാത്തത് കൊണ്ടാണ് മറ്റിടങ്ങളിൽ നിന്ന് ആളെ ചേർക്കുന്നത്. വ്യാജ വോട്ട് ചേർക്കൽ തിരഞ്ഞെടുപ്പ് കുറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് പരിശോധിച്ചില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ഇ പി ജയരാജന്റെ കാര്യത്തിൽ പ്രതികരണത്തിനില്ല. എന്ത് പറഞ്ഞാലും ഗൂഢാലോചനയാകും. എന്ത് പറഞ്ഞാലും രാഹുൽ മാങ്കൂട്ടത്തിൻറെയും ഷാഫി പറമ്പിലിൻറെയും ഗൂഢാലോചന എന്ന് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes