കോലിയുടെയും ഹിറ്റ്മാന്റെയും റെക്കോർഡ് തകർക്കുമോ സ്കൈ????

അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കാന്‍ പോവുന്ന രണ്ടാം ടി20 പോരാട്ടത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്താല്‍ അതിവേഗം 2500 റണ്‍സിലെത്തുന്ന താരമെന്ന റെക്കോര്‍ഡില്‍ വിരാട് കോഹ്‌ലിക്കൊപ്പം എത്താന്‍ സൂര്യകുമാറിന് സാധിക്കും. അതേസമയം ടി20 സിക്‌സറുകളുടെ റെക്കോര്‍ഡില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിറകേയും സൂര്യയുടെ കുതിപ്പ് അതിവേഗമാണ്.
ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സെന്ന റെക്കോര്‍ഡില്‍ രോഹിത് ശര്‍മയാണ് നിലവില്‍ ഒന്നാമന്‍. 151 ഇന്നിങ്‌സുകളില്‍ നിന്ന് 205 സിക്‌സാണ് ഹിറ്റ്മാന്‍ ഇന്ത്യയ്ക്ക് വേണ്ടി അടിച്ചുകൂട്ടിയിട്ടുള്ളത്. അതേസമയം അന്താരാഷ്ട്ര ടി20യില്‍ 139 സിക്‌സറുകൾ നേടിയ സൂര്യകുമാറാണ് റെക്കോര്‍ഡില്‍ രണ്ടാമത്. കേവലം 69 ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യ 139 സിക്‌സുകള്‍ അടിച്ചെടുത്തത്. 2024 ടി20 ലോകകപ്പോടെ ഫോര്‍മാറ്റില്‍ നിന്ന് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെ ഇന്ത്യയുടെ ടി20 നായകനായി നിയമിക്കപ്പെട്ട സൂര്യ മികച്ച ഫോമിലാണ് ബാറ്റുവീശുന്നതും ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതും. ഇനിയൊരു തിരിച്ചുവരവ് രോഹിത്തിന് ടി20 യിൽ ഇല്ലെന്നിരിക്കെ, ടി20യില്‍ ഇതേ വെടിക്കെട്ട് പ്രകടനം തുടര്‍ന്നാല്‍ രോഹിത്തിന്റെ സിക്‌സര്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ സൂര്യയ്ക്ക് അതിവേഗം സാധിക്കും.
ടി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക് ഒപ്പമെത്താന്‍ സൂര്യയ്ക്ക് സുവര്‍ണാവസരമാണുള്ളത്. അന്താരാഷ്ട്ര ട്വന്റി 20യില്‍ അതിവേഗം 2500 റണ്‍സിലെത്തുന്ന രണ്ടാമത്തെ താരമായി മാറാന്‍ സൂര്യകുമാറിന് ഇനി വേണ്ടത് വെറും 39 റണ്‍സ് ദൂരമാണ്. 73 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 2,500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. നിലവില്‍ 72 മത്സരങ്ങള്‍ കളിച്ച സൂര്യകുമാറിന് 2,461 റണ്‍സുണ്ട്. 67 മത്സരങ്ങളില്‍ നിന്ന് 2,500 റണ്‍സെടുത്ത പാകിസ്താന്റെ ബാബര്‍ അസമാണ് വേഗത്തില്‍ 2,500 റണ്‍സ് തികച്ച ട്വന്റി 20 ക്രിക്കറ്റിലെ ഒന്നാമത്തെ താരം.
കരിയറിലാകെ 125 ട്വന്റി 20 മത്സരങ്ങളാണ് വിരാട് കോഹ്‍ലി കളിച്ചിട്ടുള്ളത്. 4,188 റൺസ് താരം സ്വന്തമാക്കി. ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറിയും താരത്തിന്റെ കരിയറിന്റെ ഭാഗമാണ്. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ കോഹ്‍ലി അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിക്കുകയായിരുന്നു.
ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി 20യിലാണ് സൂര്യകുമാറിന് ചരിത്ര നേട്ടം സ്വന്തമാക്കാൻ അവസരമുള്ളത്. ആദ്യ മത്സരത്തിലെ മികച്ച ഫോം താരം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 14 പന്തുകൾ നേരിട്ട് 29 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ കഴിഞ്ഞ മത്സരത്തിൽ നേടിയത്.