ഇരട്ട പൗരത്വ വിവാദം:രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം
ഡൽഹി: ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുക്കുന്നതിനായി അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. യുപി പൊലീസോ കേന്ദ്ര ഏജൻസിയോ വിഷയത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കണമെന്നാണ് കോടതി നിർദ്ദേശം.
ഭാരതീയ ന്യായ സംഹിത, ഔദ്യോഗിക രഹസ്യ നിയമം, വിദേശി നിയമം, പാസ്‌പോർട്ട് നിയമം എന്നിവയിലെ വ്യവസ്ഥകൾ ചൂണ്ടിക്കാട്ടി എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.
ബിജെപി പ്രവർത്തകനായ എസ്. വിഘ്‌നേഷ് ശിശിറിന്റെ ഹർജിയിലാണ് കോടതി ഇടപെടൽ. രാഹുൽ ഗാന്ധിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി കീഴ്‌ക്കോടതി നേരത്തെ തള്ളിയിരുന്നു.
റായ്ബറേലിയിലെ പ്രത്യേക കോടതിയിലായിരുന്നു ആദ്യം പരാതി നൽകിയിരുന്നത്. തുടർന്ന് കേസ് ലഖ്‌നൗവിലേക്ക് മാറ്റിയ ഹൈക്കോടതി, എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ലഖ്‌നൗ കോടതി തള്ളിയതോടെ ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

