“ഏഴ് മണിക്കൂറിൽ ഏഴ് അവകാശവാദങ്ങൾ, എല്ലാം തെറ്റ്”: ട്രംപിനെതിരെ ഇറാൻ
ടെഹ്റാന്: ഹോർമുസ് കടലിടുക്ക് തുറന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ അവകാശവാദങ്ങൾ തള്ളി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെര്‍ ഗാലിബാഫ്. യുഎസിന്റെ സൈനിക ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞ നിലയിൽ തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചെങ്കിലും അവയെല്ലാം തെറ്റാണെന്ന് ഗാലിബാഫ് വിമർശിച്ചു. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അടയ്ക്കില്ലെന്ന് ഇറാൻ സമ്മതിച്ചുവെന്ന യുഎസിന്റെ അവകാശവാദത്തെയാണ് അദ്ദേഹം തള്ളിയത്.
കടലിടുക്ക് തുറക്കണമോ വേണ്ടയോ എന്നത് ഇറാന്റെ തീരുമാനമാണെന്നും, അത് സാമൂഹ്യമാധ്യമങ്ങളിലൂടെയോ പുറത്തുനിന്നുള്ള സമ്മർദത്തിലൂടെയോ നിർണ്ണയിക്കപ്പെടില്ലെന്നും ഗാലിബാഫ് വ്യക്തമാക്കി. കടലിടുക്ക് തുറക്കാത്ത പക്ഷം ബോംബാക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിയും അദ്ദേഹം വിമർശിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ആഗോള വ്യാപാരത്തിനും എണ്ണവിതരണത്തിനും നിർണായക ഘടകമായി തുടരുകയാണ്.

