ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് തിരിച്ചടി;നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ
ഡൽഹി: രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. വെറും 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാംൽ മാത്രം ഏകദേശം 10 ലക്ഷം ഫോളോവേഴ്സിനെയാണ് നഷ്ടമായത്.
യുവതലമുറ, പ്രത്യേകിച്ച് പുതിയ തലമുറക്കാർ, ഈ രാഷ്ട്രീയ മാറ്റത്തെ വഞ്ചനയായി കാണുന്നുവെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ബിജെപി പ്രവേശനം പ്രഖ്യാപിക്കുമ്പോൾ 14.6 ദശലക്ഷം ഫോളോവേഴ്സായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അത് 13.5 ദശലക്ഷമായി കുറഞ്ഞു.
അനീഷ് ഗവാണ്ടെ ഉൾപ്പെടെയുള്ളവർ ഈ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതികരിച്ചു. “ഇന്റർനെറ്റിന് ഒരാളെ രാത്രിക്ക് രാത്രി ഉയർത്താനും താഴ്ത്താനും കഴിയും” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിദ്യാർത്ഥികളിലും യുവാക്കളിലും സ്വാധീനമുള്ള നേതാവായിരുന്ന ഛദ്ദ, ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഡെലിവറി ജീവനക്കാരനായി വേഷമിട്ടത് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ബിജെപിയിൽ ചേർന്നതിന് പിന്നാലെ നരേന്ദ്ര മോദിയെ വിമർശിച്ച പഴയ കുറിപ്പുകൾ നീക്കം ചെയ്തതും വിമർശനങ്ങൾക്ക് ഇടയാക്കി. നിലവിൽ അദ്ദേഹത്തിന്റെ സാമൂഹ്യമാധ്യമ പേജുകളിൽ പ്രധാനമന്ത്രിയെ പ്രശംസിക്കുന്ന കുറിപ്പുകളാണ് കാണപ്പെടുന്നത്.

