Latest News

മാസപ്പടി കേസ്: മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് ഇഡി; സിഎംആർഎൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും

 മാസപ്പടി കേസ്: മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ച് ഇഡി; സിഎംആർഎൽ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി ഇഡി. സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടി.യുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കുന്ന ഘട്ടത്തിലാണ് അന്വേഷണ സംഘം.

എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രവുമായി ബന്ധപ്പെട്ട അന്തിമ നിയമനടപടികൾ ഇനിയും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ, കൂടുതൽ ജാഗ്രതയോടെയാണ് ഇഡിയുടെ മുന്നേറ്റം. എസ്എഫ്ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികൾക്ക് ഡൽഹി, കേരള ഹൈക്കോടതികളിൽ നിന്ന് തിരിച്ചടി നേരിടേണ്ടി വന്നാൽ കേസിന്റെ ഭാവിയെ തന്നെ അത് ബാധിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ. അതിനാൽ നിയമപരമായ പിഴവുകൾക്ക് ഇടനൽകാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനം.

ഇതിനിടെയാണ് സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്തയെ ഇഡി വീണ്ടും ചോദ്യം ചെയ്തത്. മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ ടി.യെ രണ്ട് തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരൺ എസ്. കർത്തയെ വീണ്ടും ഹാജരാക്കിയത്.

എക്സാലോജിക് കമ്പനിക്ക് സിഎംആർഎൽ നൽകിയ പണം എന്ത് സേവനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന വിഷയത്തിലാണ് അന്വേഷണം കൂടുതൽ കേന്ദ്രീകരിക്കുന്നത്. ഈ വിഷയത്തിൽ വീണ ടി.യും സിഎംആർഎൽ ഉടമകളും ഉദ്യോഗസ്ഥരും നൽകിയ മൊഴികളിൽ ചില വൈരുദ്ധ്യങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇതിനായി കൂടുതൽ സമൻസുകൾ ഉടൻ നൽകാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ, കരാറുകൾ, കമ്പനികൾ തമ്മിലുള്ള ആശയവിനിമയങ്ങൾ എന്നിവയും ഇഡി വീണ്ടും പരിശോധിക്കുന്നുണ്ട്. കേസിന്റെ അടുത്ത ഘട്ടത്തിൽ കൂടുതൽ നിർണായക നടപടികൾ ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ-നിയമവൃത്തങ്ങൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes