സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ജില്ലകളിൽ മഴയുടെ തീവ്രത വർധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്ര തീരത്തോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലെ ചക്രവാതച്ചുഴിയും വടക്കൻ തെലങ്കാനയ്ക്ക് സമീപമുള്ള മറ്റൊരു ചക്രവാതച്ചുഴിയും കേരളത്തിലെ മഴ ശക്തമാകാൻ കാരണമാകുന്നതായി കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.
ജൂൺ 29 മുതൽ ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് മേഖലകളിൽ വ്യാപക മഴ ലഭിക്കുമെന്നാണ് പ്രവചനം. ഈ കാലയളവിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്.
അതേസമയം, മോശം കാലാവസ്ഥയെ തുടർന്ന് കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അറബിക്കടലിലെ വിവിധ മേഖലകൾ, സോമാലിയൻ തീരം, ശ്രീലങ്കൻ തീരപ്രദേശം, ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

