Latest News

മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണായക രേഖകൾ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ

 മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണായക രേഖകൾ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ജൂൺ 29ന് ഹാജരാകാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇഡിയുടെ നിർദേശപ്രകാരമാണ് വീണ നേരത്തെ ചോദ്യം ചെയ്യലിന് എത്തിയത്.

കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം ഇഡിക്ക് ലഭിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും രേഖകൾ കൈമാറുന്നതിൽ നേരത്തെ കാലതാമസം നേരിട്ടിരുന്നു. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് ഇഡി വീണയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

ജൂൺ 17ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന്റെ തുടർച്ചയായാണ് ഇന്നത്തെ നടപടികൾ. ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ട ചില രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് വീണ ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ പിന്നീട് തുടരാൻ തീരുമാനിച്ചത്.

വീണ സമർപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സാമ്പത്തിക ഇടപാട് രേഖകൾ, കരാർ രേഖകൾ എന്നിവ ഇഡി ഇതിനകം പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ തുറന്ന് പരിശോധനയും നടത്തിയിരുന്നു.

അതിനിടെ, കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിന്റെയും എംപവർ ഇന്ത്യ ക്യാപിറ്റലിന്റെയും ഡയറക്ടർമാരായ കർത്ത കുടുംബാംഗങ്ങളെയും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച മൊഴികളും രേഖകളും അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

കരിമണൽ ഖനന കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന രേഖകൾ അന്വേഷണത്തിൽ നിർണായകമാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ വീണയുടെ പുതിയ ചോദ്യം ചെയ്യൽ കേസിന്റെ ഗതിയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കേസിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അന്വേഷണ പുരോഗതി ഇഡി ഡയറക്ടർ രാഹുൽ നവീൻ നേരിട്ട് വിലയിരുത്തുന്ന സാഹചര്യത്തിൽ തുടർനടപടികൾ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2024ൽ ആരംഭിച്ച മാസപ്പടി കേസിലെ അന്വേഷണത്തിൽ ഇതുവരെ ആരെയും ഇഡി അറസ്റ്റ് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes