യുക്രെയ്ൻ യുദ്ധം അവസാനത്തിലേക്ക് നീങ്ങുന്നു; സമാധാന ചർച്ചകൾക്ക് സൂചന നൽകി പുടിൻ
വ്ളാഡിമിർ പുടിൻ യുക്രെയ്നുമായുള്ള യുദ്ധം ഉടൻ അവസാനിക്കാമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. മാധ്യമപ്രവർത്തകരോടായിരുന്നു റഷ്യൻ പ്രസിഡന്റിന്റെ പ്രതികരണം. “ഈ വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു,” എന്നാണ് പുടിൻ പറഞ്ഞത്.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ചര്‍ച്ചകൾ ആരംഭിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. യൂറോപ്യൻ നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണോയെന്ന ചോദ്യത്തിന് മുൻ ജർമ്മൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡർയുടെ പേരാണ് പുടിൻ മുന്നോട്ടുവച്ചത്.
2022ൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മോസ്കോയുമായുള്ള ബന്ധം വിച്ഛേദിച്ചത് യൂറോപ്യൻ രാജ്യങ്ങളാണെന്നും അതിനാൽ ചര്‍ച്ചകൾ ആരംഭിക്കാനുള്ള ആദ്യ നീക്കം അവരിൽ നിന്നായിരിക്കണമെന്നും റഷ്യ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
നാല് വർഷമായി തുടരുന്ന സംഘർഷം അവസാനിക്കുമെന്ന സൂചന ആഗോള തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് പുടിന്റെ പുതിയ പ്രതികരണം.
മെയ് 9 മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പിലാക്കാൻ ഡൊണാൾഡ് ട്രംപ് നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറുന്നതിനുള്ള നിർദേശവും മുന്നോട്ടുവച്ചിരുന്നു.
ചര്‍ച്ചകള്‍ സുഗമമാക്കുന്നതിൽ പങ്കുവഹിച്ചതിന് അമേരിക്കൻ പ്രസിഡന്റിന് പുടിൻ നന്ദി അറിയിക്കുകയും ചെയ്തു.

