Latest News

സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിന് തിരിച്ചടി; കേന്ദ്രത്തിനും ബോർഡിനും ഹൈക്കോടതി നോട്ടീസ്

 സിബിഎസ്ഇയുടെ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിന് തിരിച്ചടി; കേന്ദ്രത്തിനും ബോർഡിനും ഹൈക്കോടതി നോട്ടീസ്

ഡൽഹി: സിബിഎസ്ഇ നടപ്പാക്കിയ ഓൺ സ്‌ക്രീൻ മാർക്കിംഗ് സംവിധാനം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനും സിബിഎസ്ഇയ്ക്കും ‍ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. എൻഎസ്‌യു സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും.

പ്ലസ് ടു പരീക്ഷകളുടെ മൂല്യനിർണയത്തിനായി സിബിഎസ്ഇ ഈ വർഷം മുതൽ നടപ്പാക്കിയ ഒഎസ്എം സംവിധാനത്തിൽ ഗുരുതര സാങ്കേതിക പിഴവുകളുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു. പരീക്ഷയ്ക്ക് ഒരു മാസം മുൻപ് ഡൽഹിയിലെ പ്രധാന സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ട്രയൽ റണ്ണിൽ തന്നെ നിരവധി തകരാറുകൾ കണ്ടെത്തിയിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ സ്കൂളുകൾ, ഡൽഹി സർക്കാർ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ പ്രിൻസിപ്പൽമാരും പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് ട്രയൽ റൺ വിലയിരുത്തിയത്. ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിച്ച് ഓൺ സ്‌ക്രീൻ മാർക്കിംഗ് വഴി മൂല്യനിർണയം നടത്തുന്നതിനിടെയാണ് വിവിധ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയത്.

മാർക്ക് കൂട്ടിച്ചേർക്കലിൽ പിഴവ് സംഭവിക്കുന്നത്, നൽകിയ മാർക്കുകൾ കൃത്യമായി രേഖപ്പെടുത്താത്തത്, ഒരു ചോദ്യത്തിന്റെ രണ്ട് ഭാഗങ്ങൾക്ക് പ്രത്യേകം മാർക്ക് നൽകാൻ കഴിയാത്തത്, സിസ്റ്റം ഇടയ്ക്കിടെ ഹാങ് ആകുന്നത്, രേഖപ്പെടുത്തിയ മാർക്കുകളിൽ ചിലത് നഷ്ടപ്പെടുന്നത്, ശൂന്യമായ പേജുകൾക്ക് പോലും മാർക്ക് നൽകാൻ സാധിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങളാണ് സമിതി കണ്ടെത്തിയത്.

ഇക്കാര്യങ്ങൾ സിബിഎസ്ഇയെ ഔദ്യോഗികമായി അറിയിച്ച സമിതി, ഒഎസ്എം സംവിധാനം കുറഞ്ഞത് ഒരു വർഷമെങ്കിലും നീട്ടിവയ്ക്കണമെന്നും ശുപാർശ നൽകിയിരുന്നു. കൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ ചില മേഖലകളിൽ മാത്രം നടപ്പാക്കണമെന്ന നിർദേശവും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ സിബിഎസ്ഇ നേതൃത്വം അംഗീകരിച്ചില്ലെന്നാണ് ആരോപണം.

ഇതിനിടെ പരീക്ഷാ മൂല്യനിർണയത്തിലെ വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം രാഷ്ട്രീയ വിവാദമായതോടെ കേന്ദ്രസർക്കാരും സിബിഎസ്ഇയും കോടതിയിൽ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes