ആന്ധ്രാപ്രദേശിൽ വാഹനാപകടം: എട്ട് പേർ മരിച്ചു, 13 പേർക്ക് പരിക്ക്
കുർണൂൽ: ആന്ധ്രാപ്രദേശിൽ യാത്രാ വാഹനവും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. 21 പേർ സഞ്ചരിച്ച ബൊലേറോ മിനി പിക്കപ്പ് വാഹനമാണ് ടാങ്കർ ലോറിയുമായി ഇടിച്ചത്. കുർണൂൽ ജില്ലയിലെ മന്ത്രാലയ മണ്ഡലത്തിലെ ചിലകലഡോണയ്ക്ക് സമീപമാണ് അപകടം നടന്നത്.
ശ്രീ രാഘവേന്ദ്ര സ്വാമി ദേവാലയത്തിലെ ദർശനത്തിനായി മന്ത്രാലയത്തിലേക്ക് പോയിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
മരിച്ചവരിൽ ഭൂരിഭാഗവും കർണാടകയിലെ ചിക്കമഗളൂരു സ്വദേശികളാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഞ്ചു സ്ത്രീകളും ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും രണ്ട് പുരുഷന്മാരുമാണ് മരിച്ചവരിൽ ഉൾപ്പെടുന്നത്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും സഹായമായി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

