വെടിനിർത്തൽ അവസാനിക്കുമ്പോൾ സംഘർഷം കടുപ്പിക്കുന്നു: യുഎസുമായി ചർച്ചകൾക്ക് ഇറാൻ ഇല്ല
ടെഹ്റാൻ: വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങി ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബാഗെർ ഗാലിബാഫ് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിൽ ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇസ്ലാമാബാദിൽ നടക്കാനിരുന്ന പുതിയ ഘട്ട ചർച്ചയിൽ പങ്കെടുക്കില്ലെന്നും ഇറാൻ അറിയിച്ചു.
യുഎസിന്റെ തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളാണ് മേഖലയിലെ നയതന്ത്ര ചർച്ചകൾക്ക് പ്രധാന തടസ്സമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ദൂരഭാഷ സംഭാഷണത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും ഭാവി നടപടികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഹോർമൂസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരാഷ്ട്രപതി ജെ.ഡി. വാൻസ് നയിക്കുന്ന സംഘം ഇസ്ലാമാബാദിലേക്ക് യാത്രയിലാണ്.
ചർച്ചകൾ നടക്കില്ലെന്ന സൂചനകൾ ശക്തമായതോടെ ഇറാനെ അനുനയിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങളും ശക്തമായി തുടരുന്നു.

