കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസിന്റെ പിടിയിൽ
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ തുക അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് പിടികൂടി. സന്ദീപ് എന്ന ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്.
ലൈഫ് പദ്ധതിപ്രകാരം സർക്കാർ അനുവദിച്ച തുക ഗുണഭോക്താവിന് കൈമാറുന്നതിനായി 2500 രൂപയാണ് സന്ദീപ് ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
2024ൽ പരാതിക്കാരന് അനുവദിച്ച പദ്ധതിയുടെ ആദ്യ ഗഡുവായ 40,000 രൂപ ലഭിച്ചപ്പോൾ 500 രൂപ കൈപ്പറ്റിയതായും പിന്നീട് രണ്ടാം ഗഡുവായ ഒരു ലക്ഷം രൂപ അനുവദിച്ചപ്പോൾ 1000 രൂപ കൂടി ആവശ്യപ്പെട്ടതായും പരാതിക്കാരൻ വെളിപ്പെടുത്തി.
തുടർന്ന് മൂന്നാം ഗഡുവായി രണ്ട് ലക്ഷം രൂപ അനുവദിച്ചിട്ടും പണം കൈമാറാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥൻ, 2500 രൂപ നൽകിയാൽ മാത്രമേ തുക അനുവദിക്കൂവെന്ന നിലപാട് സ്വീകരിച്ചതായും പരാതിയിൽ പറയുന്നു.
ഇതോടെ കാരോട് സ്വദേശിയായ പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലൻസ് നിർദേശപ്രകാരം ഇന്ന് വൈകീട്ട് 2500 രൂപയുമായി സന്ദീപിനെ കാണാനെത്തിയ പരാതിക്കാരനിൽ നിന്ന് പണം വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർ എത്തി സന്ദീപിനെ കൈയോടെ പിടികൂടിയത്.

