വാഗ്ദാനം പാലിച്ച് വിജയ് സർക്കാർ; തമിഴ്നാട്ടിൽ 717 ടാസ്‌മാക് മദ്യഷാപ്പുകൾ അടച്ചുപൂട്ടി
ചെന്നൈ: അധികാരത്തിലേറിയതിന് പിന്നാലെ അനധികൃതമായ മദ്യഷാപ്പുകൾ അടച്ചുപൂട്ടുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി വിജയ് സർക്കാർ. സംസ്ഥാനത്താകെ 717 ടാസ്‌മാക് മദ്യവിൽപ്പനശാലകളാണ് സർക്കാർ അടച്ചുപൂട്ടിയത്.
ആരാധനാലയങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്ന് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന ഔട്ട്‌ലെറ്റുകളാണ് പ്രധാനമായും അടച്ചുപൂട്ടിയത്. പൊതുജനങ്ങളുടെ പരാതികളും സുരക്ഷാ ആശങ്കകളും പരിഗണിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
എക്സൈസ് മന്ത്രി കെ. വിഗ്നേഷ് നൽകിയ വിവരമനുസരിച്ച് 610 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചയ്ക്ക് മുൻപുതന്നെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ശേഷിച്ച 107 ഔട്ട്‌ലെറ്റുകൾ കൂടി ഇന്നലെ അടച്ചതോടെയാണ് ആകെ എണ്ണം 717 ആയി ഉയർന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യഷാപ്പുകൾ അടച്ചുപൂട്ടിയത് മധുര ജില്ലയിലാണ്. ഇവിടെ 290 ഔട്ട്‌ലെറ്റുകളാണ് പ്രവർത്തനം നിർത്തിയത്. കോയമ്പത്തൂരിൽ 179 ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടി.
അടച്ചുപൂട്ടിയ മദ്യഷാപ്പുകളിൽ ആകെ 3,474 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരിൽ 2,331 പേരെ മറ്റ് ടാസ്‌മാക് ഔട്ട്‌ലെറ്റുകളിലേക്ക് പുനർനിയമിച്ചതായി സർക്കാർ അറിയിച്ചു. ശേഷിക്കുന്ന ജീവനക്കാരുടെ പുനർനിയമനവുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ നടപടിക്ക് പിന്നാലെ തമിഴ്നാട്ടിൽ നിലവിൽ 4,048 ടാസ്‌മാക് ഔട്ട്‌ലെറ്റുകളാണ് പ്രവർത്തിക്കുന്നത്. മദ്യവിൽപ്പന കേന്ദ്രങ്ങളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഔട്ട്‌ലെറ്റുകൾക്കെതിരെ തുടർന്നും നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

