Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് ശക്തം; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് വീണ്ടും ശക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിലും പസഫിക് സമുദ്ര മേഖലയിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളും അറബിക്കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും കേരളത്തിൽ മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായി കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.

ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത.

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം തീരദേശ മേഖലകളിലും മുന്നറിയിപ്പ് തുടരുകയാണ്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.8 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു.

മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്കുള്ള സാധ്യതയും മുന്നറിയിപ്പിലുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ദുരന്തസാധ്യതാ മേഖലകളിൽ താമസിക്കുന്നവർ തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആവശ്യമായാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് മഴയും കാറ്റും ശക്തമാകാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes