Latest News

തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി പുഴയിലേക്ക് മറിഞ്ഞ് അപകടം

 തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി പുഴയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു സ്ത്രീയാണ് മരിച്ചത്. തിരുവമ്പാടി കണ്ടപചാൽ സ്വദേശിനി ആണ് മരിച്ചത്.  അതീവ ഗുരുതരാവസ്ഥയിലുള്ള ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍ ഇരുപതോളം പേര്‍ ചികിത്സയിലാണ്. ആരെങ്കിലും വെള്ളത്തില്‍ മുങ്ങിയോയെന്ന് സംശയമുണ്ടെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് കെഎസ്ആര്‍ടിസി മറിഞ്ഞത്. ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് കീഴ്മേൽ മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. പാലത്തിൽ കൈവരികളോ സുരക്ഷാ ബാരിക്കേഡുകളോ ഇല്ലെന്നും പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കിൽ ഇടിച്ച് ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

അപകടം നടന്ന ഉടനെ തന്നെ ബസിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെത്തിച്ചു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. ബസിന്‍റെ മുൻഭാഗത്തിനും പുഴയ്ക്കും ഇടയില്‍ കുടുങ്ങിയവരെ ഏറെ ശ്രമകരമായാണ് പുറത്തെടുത്തത്. ഹൈഡ്രാളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്‍റെ ഭാഗങ്ങള്‍ നീക്കിയശേഷമാണ് ചിലരെ പുറത്തെടുത്തത്. 40ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും തിരുവമ്പാടിയിലെയും മുക്കത്തെയും ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്. 

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes