ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ
പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജുഷ പ്രതികരിച്ചു. പൊലീസ് നടപടികളില്‍ വിശ്വാസമുണ്ടെന്നും മഞ്ജുഷ പറഞ്ഞു.
കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു.
അതേസമയം തുടര്‍ നടപടികള്‍ക്ക് ശേഷം വിശദമായി പ്രതികരിക്കാമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ദിവ്യയെ ചോദ്യം ചെയ്ത് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിണനയിലുള്ള വിഷയമായതിനാലാണ് നേരത്തെ നടപടി സ്വീകരിക്കാൻ സാധിക്കാതിരുന്നതെന്നും ദിവ്യ നിരീക്ഷണത്തിലായിരുന്നെന്നും കമ്മീഷണർ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.