Latest News

ഹണി ട്രാപ്പിലൂടെ കോടികൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ

 ഹണി ട്രാപ്പിലൂടെ കോടികൾ തട്ടിയ ദമ്പതികൾ അറസ്റ്റിൽ

ഹണിട്രാപ്പിലൂടെ തൃശ്ശൂർ ജില്ലയിലെ വ്യാപാരിയായ വയോധികന് നഷ്ടപ്പെട്ടത് വൻതുക. സെക്സ് ചാറ്റ് ചെയ്തും വാട്സാപ്പില്‍ വീഡിയോ കോള്‍ വഴിയും വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടരകോടിയോളം രൂപയാണ് തൃശ്ശൂർ പൂങ്കുന്നം സ്വദേശിയായ വയോധികനില്‍ നിന്നും തട്ടിയത്.

സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരാണ് അറസ്റ്റിലായത്. കൃത്യമായ തിരക്കഥയിലൂടെയാണ് ഇവർ വയോധികനെ ചതിയില്‍ വീഴ്ത്തിയത്. രണ്ടുവർഷം മുമ്പാണ് യുവതി 63 കാരനായ വ്യാപാരിയുമായി സോഷ്യല്‍ മീഡിയയിലൂടെ ബന്ധം സ്ഥാപിക്കുന്നത്.

ആദ്യം ഒരു ഹായ് അയച്ചു. തിരികെ മറുപടി എത്തിയതോടെ ഇരുപത്തിമൂന്നുകാരിയായ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന ആവണി എന്നാണ് ഷെമി പരിചയപ്പെടുത്തിയത്. തുടർന്നുള്ള സംഭാഷണങ്ങളിലൂടെ പലതവണയായി ഇയാളില്‍ നിന്നും യുവതി പണം വാങ്ങി. ഹോസ്റ്റല്‍ ഫീസ് അടയ്ക്കുവാൻ തുടങ്ങി പല കാരണങ്ങള്‍ പറഞ്ഞതാണ് തുടക്കത്തില്‍ പണം വാങ്ങിച്ചിരുന്നത്. പിന്നീട് ചോദിക്കുന്ന തുകയുടെ വലിപ്പം കൂടി. ഒരിക്കല്‍ വീഡിയോ കോള്‍അറ്റൻഡ് ചെയ്തതോടെ മറുവശത്ത് ഇരിക്കുന്നത് വിവസ്ത്രയായ ഒരു യുവതിയായിരുന്നു. ഈ വീഡിയോ കോള്‍ സ്ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യും എന്നും ഭാര്യക്ക് അയച്ചുകൊടുക്കും തുടങ്ങിയ ഭീഷണികളിലൂടെയാണ് പിന്നീട് പണം തട്ടിയത്. ഒടുക്കം ഭാര്യയുടെ ഭൂമി വിറ്റ വകയിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയുടെ നിക്ഷേപവും യുവതിക്ക് അയച്ചുകൊടുത്തു. പിന്നാലെ വ്യാപാരിയുടെ മകന് തോന്നിയ സംശയമാണ് സംഭവം വെളിപ്പെട്ടത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിക്കാരന് കോൾ വന്ന നമ്പർ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. തുടർന്നുള്ള അന്വേഷണത്തില്‍ കൊല്ലം സ്വദേശിനിയായ ഷെമിയെ കണ്ടെത്തുകയായിരുന്നു. ഷെമിയുടെ രണ്ടാം ഭർത്താവാണ് സോജൻ. ഇയാളുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സോജന്റെയും ഷെമിയുടെയും മാതാപിതാക്കളെയും ഉള്‍പ്പെടെ 4 അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചു. ഇതോടെ പൊലീസ് പിറകിലുണ്ടെന്ന് മനസ്സിലായ പ്രതികള്‍ നാടുവിടാൻ തീരുമാനിച്ചു. പിന്നീട് ഇവരുടെ മൊബൈല്‍ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes