പെപ്പെയുടെ ‘ദാവീദ്’ ചിത്രത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് ദാവീദ് ടീം

ആന്റണി വർഗീസ് പെപ്പെ പ്രധാന വേഷത്തിലെത്തുന്ന ദാവീദ് എന്ന ചിത്രത്തിലെ നടന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ച് അണിയറപ്രവർത്തകർ. ‘ദാവീദ്: ഒരു പോരാളിയുടെ കഥ. ഓരോ പോരാട്ടവും മാസ്റ്റർപീസും, പോരാടുന്നവൻ ആര്‍ട്ടിസ്റ്റുമായ ആഷിഖ് അബുവിൻ്റെ ലോകത്തേക്ക് വരൂ. ഇതാ ഞങ്ങളുടെ ആദ്യ പഞ്ച്’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. പെപ്പെയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് ഗോവിന്ദ് വിഷ്ണുവാണ്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബനുശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ നേരത്തെ പെപ്പെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. കൊണ്ടലിന് ശേഷം എത്തുന്ന പെപ്പെ ചിത്രം കൂടിയാണിത്.
ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.