‘നാളെ മുതൽ എനിക്ക് നീതി നൽകാൻ കഴിയില്ല’; വികാരനിർഭരനായി സുപ്രിംകോടതിയുടെ പടിയിറങ്ങി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ഞായറാഴ്ച വിരമിക്കുന്ന ഡിവൈ ചന്ദ്രചൂഡിന് സുപ്രീം കോടതിയിൽ യാത്രയയപ്പ്. അവസാനപ്രവൃത്തി ദിവസം നടന്ന സെറിമോണിയൽ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നീതിന്യായ വ്യവസ്ഥയിലെ തൻ്റെ യാത്രയിൽ സംതൃപ്തി അറിയിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത, അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി, സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് കപിൽ സിബൽ, ജൂനിയർ അഭിഭാഷകർ തുടങ്ങിയവർ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ സംഭാവനങ്ങളെക്കുറിച്ചു വാചാലരായി.
“ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അറിയാത്ത ആളുകളെ ഞങ്ങൾ കണ്ടുമുട്ടുന്നു. നിങ്ങൾക്ക് ഓരോരുത്തർക്കും ഞാൻ നന്ദി പറയുന്നു. ഞാൻ എപ്പോഴെങ്കിലും കോടതിയിൽ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, എന്നോട് ക്ഷമിക്കണം. സെറിമോണിയൽ ബെഞ്ച് ലിസ്റ്റ് ചെയ്യേണ്ട സമയത്തെക്കുറിച്ച് രജിസ്ട്രാർ ഇന്നലെ ചോദിച്ചപ്പോൾ, ഞാൻ പറഞ്ഞു ഉച്ചകഴിഞ്ഞ് രണ്ടു മണി എന്ന്. അതിലൂടെ ശേഷിച്ച നിരവധി കാര്യങ്ങൾ തീർപ്പാക്കാൻ സാധിക്കുമെന്ന് കരുതി. അവസാന സമയം വരെ നീതി നടപ്പാക്കാനുള്ള അവസരം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. നാളെ മുതൽ എനിക്ക് നീതി നൽകാൻ കഴിയില്ല, പക്ഷേ ഞാൻ സംതൃപ്തനാണ്. ഞങ്ങൾ ഇവിടെ തീർഥാടകരായി, ചുരുങ്ങിയ സമയത്തിനുള്ളിൽ പക്ഷികളായി, ഞങ്ങളുടെ ജോലി ചെയ്തിട്ട് പോകും. എന്നാൽ നമ്മൾ ചെയ്യുന്ന ജോലിക്ക് സ്ഥാപനത്തിൽ ഒരു അടയാളം ഇടാൻ കഴിയും. ഞാനില്ലാതെ കോടതി നിലനിൽക്കില്ല എന്ന തോന്നൽ നമ്മളിൽ ആർക്കും തന്നെ ഇല്ല. മഹത്തായ ന്യായാധിപന്മാർ പണ്ട് ഇവിടെ വന്ന് വരും തലമുറകൾക്ക് ബാറ്റൺ കൈമാറിയിട്ടുണ്ട്. അങ്ങനെ, ഞങ്ങൾ സ്ഥാപനത്തെ നിലനിർത്തുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള വ്യത്യസ്ത വ്യക്തികൾ കോടതിയിലേക്ക് വരികയും ബാറ്റൺ കൈമാറുകയും ചെയ്യുന്നു”- ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെക്കുറിച്ചും ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. “ഞാൻ ഇവിടെ നിന്ന് പോകുന്നത് കോടതിയിൽ മാറ്റമുണ്ടാക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രത്യേകിച്ചും എനിക്ക് ശേഷമുള്ള വ്യക്തി വളരെ സ്ഥിരതയുള്ളവനും ശക്തനുമാണെന്ന് അറിയാം. ജസ്റ്റിസ് ഖന്ന, വളരെ മാന്യനും കോടതിയെ കുറിച്ച് ബോധവാനുമായ വ്യക്തിയാണ്. അദ്ദേഹത്തിൻ്റേത് ചരിത്രപരമായ വീക്ഷണങ്ങളുമാണ്”- ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.
അതേസമയം സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.