ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ
ശ്രീനഗർ: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീനഗർ സ്വദേശികളായ ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് പ്രതികൾ ആക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം.
കഴിഞ്ഞ ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച് സുരക്ഷാ സേന വധിച്ചതിന് പിന്നാലെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
ടൂറിസം ഓഫീസിന് സമീപം നിർത്തിയിട്ടിരുന്ന സുരക്ഷാ സേനയുടെ വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരർ ആക്രമണം നടത്തിയത്. ചന്തയിൽ വലിയ തിരക്കുണ്ടായ സമയത്തായിരുന്നു ആക്രമണം. ഗുൽമാർഗിൽ സൈനിക ട്രക്കിനുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ 3 സൈനികരും 2 ചുമട്ടുത്തൊഴിലാളികളും കൊല്ലപ്പെട്ടിരുന്നു.