അന്ന് സുരേഷ് ഗോപിയുടെയും ചാക്കോച്ചന്റെയും നായിക, ഇന്ന് ബിഗ് ബോസ് താരം

ഹിന്ദി ബിഗ് ബോസിന്റെ പുതിയ സീസൺ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡിൽ തന്നെ ഷോ റേറ്റിങ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ഇത്തവണയും നിരവധി താരങ്ങൾ ഷോയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു നടിയാണ് ഇത്തവണ ഷോ ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്, ശ്രുതിക.
ആദ്യ എപ്പിസോഡിൽ തന്നെ പൊതുവെ ഗൗരവക്കാരനായ സൽമാൻ ഖാനെ പെട്ടിച്ചിരിപ്പിച്ചുകൊണ്ടാണ് ശ്രുതിക എത്തിയത്. താൻ നാല് സിനിമകളിൽ നായികയായി അഭിനയിച്ചിരുന്നെന്നും ആ നാല് സിനിമകളും ബോക്‌സോഫീസിൽ പൊട്ടിയെന്നുമുള്ള ശ്രുതികയുടെ പരാമർശം കേട്ടായിരുന്നു സൽമാന് ചിരിപൊട്ടിയത്.
മലയാളികളുമായും ശ്രുതികയ്ക്ക് ചെറിയൊരു ബന്ധമുണ്ട്. ശ്രുതിക നായികയായി എത്തിയ മൂന്നാമത്തെ സിനിമ മലയാളത്തിലായിരുന്നു. 2003 ൽ സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും നായകരായി എത്തിയ ‘സ്വപ്‌നം കൊണ്ട് തുലാഭാരം’ എന്ന ചിത്രത്തിലായിരുന്നു ശ്രുതിക മലയാളത്തിലെത്തിയത്. ചിത്രം ബോക്‌സോഫീസിൽ വിജയിച്ചിരുന്നില്ല.
സൂര്യ നായകനായ ശ്രീ എന്ന ചിത്രത്തിൽ 10-ാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ശ്രുതിക ആദ്യമായി നായികയായത്. പിന്നീട് വസന്തബാലൻ സംവിധാനം ചെയ്ത ആൽബം എന്ന ചിത്രത്തിലും നായികയായി അഭിനയിച്ചിരുന്നു. കമൽഹാസൻ തിരക്കഥ എഴുതി നിർമിച്ച് മാധവൻ നായകനായ നളദമയന്തിയിലും ശ്രുതിക നായികയായി അഭിനയിച്ചെങ്കിലും ഈ ചിത്രങ്ങളൊന്നും ബോക്‌സോഫീസിൽ കാര്യമായ ചലനം സൃഷ്ടിച്ചിരുന്നില്ല.
പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്ന് ശ്രുതിക സംരഭകയായി തിളങ്ങിയിരുന്നു. വർഷങ്ങൾക്ക് ശേഷം തമിഴിൽ കുക്ക് വിത്ത് കോമാളി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രുതിക ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം നടത്തി ഷോയിൽ വിജയിയാവുകയും ചെയ്തിരുന്നു.
ബിഗ് ബോസിൽ എത്തിയ ശ്രുതികയുടെ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ്. ഹിന്ദി ഷോയ്ക്കിടെ തമിഴ് വാചകങ്ങൾ അറിയാതെ ശ്രുതിക പറയുന്നതും ബിഗ് ബോസ് അതിന്റെ അർത്ഥം ചോദിക്കുകയും ചെയ്യുന്ന വീഡിയോകൾ ഇതിനോടകം മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. വിവിയൻ ഡിസേന, ഈഷ സിംഗ്, നൈരാ ബാനർജി, കരൺ വീർ മെഹ്റ, ചാഹത് പാണ്ഡെ, അവിനാഷ് മിശ്ര, ഷെഹ്സാദ ധാമി, തജീന്ദർ സിംഗ് ബഗ്ഗ, അർഫീൻ ഖാൻ, സാറ അർഫീൻ ഖാൻ, രജത് ദലാൽ, മുസ്‌കൻ ബാംനെ, ഛും ദരംഗ്, ഷിൽപ എന്നിവരാണ് ഷോയിൽ ശ്രുതികയ്‌ക്കൊപ്പം മത്സരിക്കുന്നത്.