പീഡന കേസിൽ നടൻ ബാബുരാജിന് ഹൈക്കോടതി മുൻകൂർ ജാമ്യം
കൊച്ചി: ലൈംഗികാരോപണ കേസില്‍ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ കർശന നിർദേശമുണ്ട്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് ബാബുരാജിനെതിരെ പൊലീസ് കേസെടുത്തത്. ആലുവയിലെ വീട്ടില്‍ വച്ചും റിസോർട്ടില്‍ കൊണ്ടുപോയും പീഡിപ്പിച്ചെന്നായിരുന്നു പരാതി. ബലാത്സംഗക്കുറ്റം ചുമത്തി അടിമാലി പൊലീസാണ് ബാബുരാജിനെതിരെ കേസെടുത്തിരിക്കുന്നത്.
ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയാണ് യുവതി. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി യുവതി പരാതി നല്‍കിയിരുന്നു. യുവതിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.