Latest News

കശ്മീരിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ സഖ്യം

 കശ്മീരിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ സഖ്യം

ന്യൂ ഡൽഹി: കോൺഗ്രസ്- നാഷനൽ കോൺഫറൻസ് സഖ്യത്തിന് നേരിയ മുൻതൂക്കം നൽകിക്കൊണ്ടാണ് എക്സിറ്റ് പോളുകൾ പുറത്തുവന്നത്. മൂന്ന് എക്സിറ്റ് പോളുകളുടെയും ശരാശരി പ്രകാരം കോൺഗ്രസ്-നാഷനൽ കോൺഫറൻസ് സഖ്യം 43 സീറ്റും ബിജെപി 26 സീറ്റും പിഡിപി 4 മുതൽ 12 വരെ സീറ്റും നേടുമെന്നായിരുന്നു. അതിനാൽ, ഒരു തൂക്കുസഭയായിരിക്കും ജമ്മു കശ്മീരിലുണ്ടാവുകയെന്നായിരുന്നു പ്രവചനം.

എന്നാൽ കശ്മീരിലെ ജനങ്ങൾക്ക് ഇക്കാര്യത്തിൽ അശേഷം സംശയമുണ്ടായില്ലെന്നു വ്യക്തമാക്കുകയാണ് തിരഞ്ഞെടുപ്പു ഫലം. തുടക്കം മുതൽ തന്നെ കോൺഗ്രസ് – നാഷനൽ കോൺഫറൻസ് സഖ്യം വ്യക്തമായ മുൻതൂക്കത്തോടെയാണ് വിജയത്തിലേക്കു നടന്നടുത്തത്. രാവിലെ പത്തരയോടെത്തന്നെ ചിത്രം വ്യക്തമായിരുന്നു. കോൺഗ്രസ്-എൻസി സഖ്യം കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റ് മറികടന്നു കുതിപ്പ് തുടർന്നു. 48 സീറ്റുകളിൽ സഖ്യം വിജയക്കൊടി പാറിച്ചു. 29 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. നാഷനൽ കോൺഫറൻസിന്റേതിനു സമാനമായി ജമ്മു കശ്മീരിൽ ആഴത്തിൽ വേരുകളുള്ള പിഡിപിക്ക് നേടാനായത് വെറും 3 സീറ്റുകൾ മാത്രം. 7 സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു.

കശ്മീർ താഴ്‌വരയിൽ പ്രബലർ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയും ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ കോൺഫറൻസും തന്നെയായിരുന്നു. നാഷനൽ കോൺഫറൻസിന്റെ ശക്തമായ തിരിച്ചുവരവിന് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചപ്പോൾ പിഡിപി തകർന്നടിയുന്നതാണ് കണ്ടത്. മത്സരിച്ച 56 സീറ്റുകളിൽ 43 സീറ്റുകളും നാഷനൽ കോൺഫറൻസ് നേടി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ വെറും 15 സീറ്റുകൾ മാത്രം നേടിയ സംസ്ഥാന പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ മുന്നേറ്റമാണ്. മത്സരിച്ച ഗാന്ദർബൽ, ബഡ്ഗാം മണ്ഡലങ്ങളിൽ ഒമർ അബ്ദുല്ല വിജയിച്ചു. ഗാന്ദർബൽ നാഷനൽ കോൺഫറൻസിന്റെ ശക്തികേന്ദ്രമാണ്. അബ്ദുല്ല കുടുംബത്തിലെ വിവിധ തലമുറകൾക്കൊപ്പം നിന്നിട്ടുളള മണ്ഡലം. 1977ൽ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല വിജയിച്ച മണ്ഡലത്തിൽ പിന്നീട് അദ്ദേഹത്തിന്റെ മകൻ ഫാറൂഖ് അബ്ദുല്ല 1983 ലും 87 ലും 96 ലും വിജയിച്ചു. 2008 ലാണ് ഇവിടെനിന്ന് ഒമർ അബ്ദുല്ല വിജയിക്കുന്നത്.

കുൽഗാമിൽനിന്നു മത്സരിക്കുന്ന, ജമ്മു കശ്മീരിലെ സിപിഎമ്മിന്റെ ഏകസാന്നിധ്യം യൂസഫ് തരിഗാമിയും ഇത്തവണ ജയിച്ചു. കുൽഗാം പിഡിപിയുടെയും ശക്തികേന്ദ്രമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥിയുടെ സാന്നിധ്യവും തരിഗാമിക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും ജമാഇത്തെ ഇസ്‌ലാമി സ്ഥാനാർഥി പിഡിപി വോട്ടുകൾ ഭിന്നിപ്പിച്ചു. ഇത് തരിഗാമിക്ക് ഗുണം ചെയ്തുവെന്നാണ് മനസ്സിലാക്കാനാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes