Latest News

കുറുവ സംഘം ആലപ്പുഴയിൽ എത്തിയതായി സൂചന; ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം

 കുറുവ സംഘം ആലപ്പുഴയിൽ എത്തിയതായി സൂചന; ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നുള്ള മോഷണസംഘമായ കുറുവ സംഘം ആലപ്പുഴയിൽ എത്തിയതായി സൂചന. മുഖം മറച്ച് അർധന​ഗ്നരായ രണ്ടം​ഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊലീസ് അതീവ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മണ്ണഞ്ചേരി നേതാജി ജം​ഗ്ഷന് സമീപം മോഷണശ്രമം നടന്നിരുന്നു. സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലാണ് രണ്ടം​ഗ സംഘത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. സാധാരണ അർധന​ഗ്നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക.

ആറ് മാസത്തോളം മോഷണം നടത്താൻ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് പ്രതികൾ കൃത്യം നടത്തുക. രാവിലെകളിൽ ചെറിയ ജോലികളുമായി പ്രദേശത്ത് തങ്ങുന്ന സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക. എതിർക്കുന്നവരെ അതിക്രൂരമായി ആക്രമിക്കുകയാണ് ഇവരുടെ രീതി. സംസ്ഥാനത്ത് പലയിടത്തും സംഘം നേരത്തേ മോഷണം നടത്തിയിട്ടുണ്ട്. തമിഴ്നാട്-കേരള അതിർത്തി പ്രദേശങ്ങളായ കോയമ്പത്തൂർ, തഞ്ചാവൂർ, മധുര തുടങ്ങിയ പ്രദേശങ്ങളെല്ലാം കുറുവ സംഘത്തിന്റെ താവളങ്ങളാണെന്നാണ് റിപ്പോർട്ട്.

വീടുകളുടെ പിൻവാതിൽ വഴി അകത്തുകയറുകയാണ് സംഘത്തിന്റെ രീതി. ശരീരത്തിൽ എണ്ണയും കരിയും പുരട്ടിയിട്ടുണ്ടാകും. ഇതോടെ പിടികൂടാൻ ശ്രമിച്ചാലും എളുപ്പത്തിൽ വഴുതിമാറാനാകും. രാത്രികളിലെത്തുന്ന സംഘം വീടിന് പുറത്ത് ടാപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചിൽ പോലുള്ള ശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യും. വീട്ടിൽ ഉറങ്ങിക്കിടക്കുന്നവരെ വാതിൽ തുറക്കാൻ പ്രേരിപ്പിക്കുന്നതാണിത്. ഇത്തരത്തിൽ ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്ത് കയറും. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ കിലോമീറ്ററുകൾ അകലെയായിരിക്കും സംഘത്തിന്റെ താമസം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് രാത്രി പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ ജാ​ഗ്രത പാലിക്കണണെന്നും നിർദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes