Latest News

ഒന്നരലക്ഷത്തിന്റെ മൊബൈൽ ഫോൺ, സഹോദരിയുടെ 17 പവൻ മോഷ്ടിച്ച് തുടക്കം; ഇൻസ്റ്റ​ഗ്രാം താരം മുബീന പിടിയിൽ

 ഒന്നരലക്ഷത്തിന്റെ മൊബൈൽ ഫോൺ, സഹോദരിയുടെ 17 പവൻ മോഷ്ടിച്ച് തുടക്കം; ഇൻസ്റ്റ​ഗ്രാം താരം മുബീന പിടിയിൽ

കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളടക്കം തെളിവായതോടെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.

കഴിഞ്ഞ സെപ്തംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളില്‍ മുബീന സെപ്റ്റംബര്‍ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടില്‍ വന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പൊലീസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭര്‍ത്തൃ സഹോദരി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി.

ഓട്ടോറിക്ഷ ഡ്രൈവറായ ഭര്‍ത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. എന്നാല്‍ മുബീന നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, അതിനുള്ള സാമ്പത്തിക ശേഷി മുബീനക്ക് ഇല്ലെന്നും പൊലീസ് മനസിലാക്കി. മുബീനയുടെ കയ്യിലുണ്ടായിരുന്നത് ഒന്നര ലക്ഷം രൂപയുടെ ഫോണായിരുന്നു. തുടര്‍ന്ന് മുബീനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും, ആദ്യ ഘട്ടത്തില്‍ മോഷണം നടത്തിയത് താനാണെന്ന് സമ്മതിച്ചില്ല.

തുടര്‍ന്ന് തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ചോദ്യചെയ്യലില്‍ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നും മുബീന പോലീസിനോട് പറഞ്ഞു. മോഷണം പോയവയില്‍ കുറച്ച്‌ സ്വര്‍ണ്ണവും പണവും പോലീസ് മുബീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം മുബീനയെ കോടതിയില്‍ ഹാജരാക്കിയതിന് ശേഷം സ്വര്‍ണ്ണം വില്‍പ്പന നടത്തിയ ജ്വല്ലറികളില്‍ തെളിവെടുപ്പ് നടത്തുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes