വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാര്‍. ജസ്റ്റിസുമാരായ ശേഖര്‍ കുമാര്‍ യാദവ്, ദിനേശ് പതക് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്. വാരാണസി ആസ്ഥാനമായുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്ലാണ് പരിപാടി സംഘടിപ്പിച്ചത്.
ഹൈക്കോടതിയുടെ ലൈബ്രറി ഹാളിലായിരുന്നു പരിപാടി നടന്നത്. ‘വഖഫ് ബോര്‍ഡ് നിയമവും മതപരിവര്‍ത്തനവും-കാരണങ്ങളും പ്രതിരോധവും’ എന്ന വിഷയത്തില്‍ വിഎച്ച്പി പ്രത്യേക സെമിനാറും സംഘടിപ്പിച്ചു. തന്റെ പ്രസംഗത്തിലുടനീളം ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ആവശ്യതകളെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പ്രതിപാദിച്ചത്. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണെന്ന് ശേഖര്‍ കുമാര്‍ യാദവ് അഭിപ്രായപ്പെട്ടു. നീതിയിലും സമത്വത്തിലും ഊന്നിയുള്ളതാണ് ഏക സിവില്‍ കോഡ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുന്നു. നിയമത്തില്‍ ഐക്യം പുലരുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.
തന്റെ വിധി പ്രസ്താവനകളില്‍ ഹിന്ദു അനുഭാവ നിലപാട് സ്വീകരിച്ച് ശ്രദ്ധനേടിയ ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. മുന്‍പ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദേശിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ജഡ്ജിയാണ് ശേഖര്‍ കുമാര്‍ യാദവ്. ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറത്തുവിടുന്ന ഒരേ ഒരു ജീവി പശു ആണെന്നും ശേഖര്‍ കുമാര്‍ യാദവ് ഒരു വിധി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പശുവിനെ കശാപ്പ് ചെയ്ത പ്രതിക്ക് ജാമ്യം നിഷേധിച്ച ഉത്തരവിലായിരുന്നു ഈ പരാമര്‍ശമുണ്ടായിരുന്നത്.