വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ മുരളീധരനും
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ മുരളീധരനും. ഇന്നും നാളെയും മുരളീധരൻ വയനാട്ടിലെത്തും. പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാടും ചേലക്കരയിലും പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ ഒറ്റെക്കെട്ടായി വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കുറി ബിജെപി വോട്ടുകളിൽ ചോർച്ചയുണ്ടാകും. ഉപതിരഞ്ഞെടുപ്പിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് തീരുമാനം എന്താണോ അത് അനുസരിക്കാൻ താൻ ബാധ്യസ്ഥനാണ്. സ്ഥാനാർത്ഥി നിർണയത്തിലുള്ള ചർച്ചകൾക്ക് പ്രസക്തിയില്ല. പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കും. സ്വകാര്യ ദുഖങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ, കൊടകര കേസുകളിൽ തുടരന്വേഷണം നടക്കാത്തത് സിപിഐഎം ബിജെപി ഡീലിനെ തുടർന്നാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പണമാണ് ചാക്കിലാക്കി കൊടകരയിലെത്തിച്ചത്. ഈ ഡീലിനെ കുറിച്ച് കോൺഗ്രസ് നേരത്തെ പറഞ്ഞതാണ്. പ്രവർത്തകനായ ഓഫീസ് സ്റ്റാഫിന്റെ മൊഴിയൊക്കെ ഇപ്പോഴല്ലേ പുറത്തുവന്നതെന്നും അദ്ദേഹം ചോദിച്ചു.
സുരേഷ് ഗോപിയെ സിബിഐയോടായിരുന്നു കെ മുകളീധരൻ ഉപമിച്ചത്. സുരേഷ് ഗോപി രാഷ്ട്രീയ ഡയലോഗിലേക്ക് വരണം. ഇപ്പോൾ അഭിനയിക്കുന്നത് സിനിമയിലാണ്. സംസ്ഥാന സർക്കാരിൻറെ എട്ടര വർഷത്തെ ഭരണത്തിനെതിരായ ജനവികാരമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടത്. നെൽകർഷകരുടെ പ്രയാസമാണ് ചർച്ച ചെയ്യേണ്ടത്. സരിന് രാഷ്ട്രീയം ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. മുഴുവൻ സമയ രാഷ്ട്രീയക്കാരനാവാൻ കഴിയാത്തയാളാണ് സരിൻ. സരിൻ കൈവിട്ടുപോയി, ഇനി പറഞ്ഞിട്ട് കാര്യമല്ല. ചർച്ച നടത്തേണ്ടത് കേരളത്തിലെ പ്രശ്നങ്ങളെ കുറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.