Latest News

പാർട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്ന് കാരാട്ട് റസാഖ്

 പാർട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്ന് കാരാട്ട് റസാഖ്

കോഴിക്കോട്: എൽഡിഎഫിനെതിരെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെയും രൂക്ഷവിമർശനമുയർത്തി കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ്. റിയാസ് തന്റെ വികസനപ്രവർത്തനങ്ങളെ അട്ടിമറിച്ചെന്നും പാർട്ടി തന്റെ പരാതികളെ നിരന്തരം അവഗണിച്ചെന്നും റസാഖ് മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് തന്റെ വികസന പ്രവർത്തങ്ങളെ അട്ടിമറിച്ചു എന്ന ഗുരുതര ആരോപണമാണ് കാരാട്ട് റസാക്ക് മുഖ്യമായും മുന്നോട്ടുവെക്കുന്നത്. തന്റെ പല വലിയ പദ്ധതികളും മുഹമ്മദ് റിയാസ് പാർട്ടി കമ്മിറ്റികളുടെ അറിവോടെയും, ലീഗിനൊപ്പം ചേർന്നും അട്ടിമറിച്ചു. മന്ത്രി എന്ന നിലയിൽ മുഹമ്മദ് റിയാസിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. ഈ വിഷയത്തിൽ നിരവധി പരാതികളാണ് പാർട്ടിക്ക് നൽകിയത്. എന്നാൽ ഒന്നിനും മറുപടി ലഭിച്ചില്ല. പാർട്ടി പരിഹരിച്ചില്ലെങ്കിൽ ഇടതുപക്ഷവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വരുമെന്നും മറുപടി പോലും നൽകാൻ കഴിയാത്ത സാഹചര്യത്തിലേക്ക് പാർട്ടി പോകരുതെന്നും കാരാട്ട് റസാഖ് മുന്നറിയിപ്പ് നൽകി. മുഹമ്മദ് റിയാസിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ പാർട്ടിക്ക് കഴിയാത്തത് റിയാസ് പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നതു കൊണ്ടാവാമെന്നും റസാഖ് ആരോപിച്ചു.

നേരത്തെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അധ്യക്ഷ പദവിയിൽ നിന്നും കാരാട്ട് റസാഖിനെ നീക്കിയേക്കുമെന്ന സൂചന എൽഡിഎഫ് നൽകിയിരുന്നു. പി വി അൻവർ എംഎൽഎയുമായി കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയതോടെയാണ് ഈ നീക്കം. റസാഖിനോട് സ്വയം രാജിവയ്ക്കാൻ നിർദ്ദേശിച്ചതായാണ് സൂചന. എന്നാൽ പാർട്ടി നീക്കം ചെയ്യട്ടെ എന്ന നിലപാടിലാണ് കാരാട്ട് റസാഖ് ഇപ്പോഴുള്ളത്.

പാർട്ടി വിട്ടാൽ എങ്ങോട്ട് പോകുമെന്ന ചോദ്യത്തിൽ സമയമാകുമ്പോൾ എല്ലാം പറയാം എന്നായിരുന്നു കാരാട്ട് റസാഖിന്റെ ഉത്തരം. പി വി അൻവർ തന്നെ ഡിഎംകെയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. അപ്പോൾ കാത്തിരിക്കാനാണ് താൻ അൻവറിനോട് പറഞ്ഞത്. ചിലപ്പോൾ പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാം, മറ്റേതെങ്കിലും പാർട്ടിയിൽ ചേരാം അല്ലെങ്കിൽ അൻവറിനൊപ്പം തന്നെ ചേരാം. ലീഗിലേക്ക് ഇനിയൊരു മടങ്ങിപ്പോക്കില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes