സുരേഷ്ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിൽ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്
കൊച്ചി: കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയുടെ ഒറ്റ തന്ത പ്രയോഗത്തിൽ മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണെന്നായിരുന്നു മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണം. ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ മന്ത്രി സിനിമാ ഡയലോഗ് രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു.
‘സിനിമയിൽ സിബിഐയുടേത് കുഴപ്പമില്ലാത്ത പ്രവർത്തനമാണ്. എന്നാൽ യഥാർത്ഥത്തിൽ കേന്ദ്ര ഏജൻസികളുടെ അവസ്ഥ എന്താണെന്ന് നമ്മൾ കാണുന്നുണ്ട്. പരമോന്നത നീതിപീഠം തന്നെ കൂട്ടിലിട്ട തത്തയെന്നാണ് സിബിഐയെ വിശേഷിപ്പിച്ചത്. കേന്ദ്രം ആഗ്രഹിക്കുന്നത് പോലെ തുള്ളുകയാണവർ. കോൺഗ്രസ് ദേശീയ തലത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തിലെത്തുമ്പോൾ സുരേഷ് ഗോപിക്കൊപ്പമാണ്. സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗം പോലെ മറുപടി നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’, മന്ത്രി കൂട്ടിച്ചേർത്തു.
ഇത്തരം ഭാഷയിൽ മറുപടി പറയുന്നതിനോട് തങ്ങൾക്ക് യോജിപ്പില്ല. ആരാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയത്? തൃശൂരിൽ കോൺഗ്രസ് വോട്ട് മറിച്ചുകൊടുത്തിട്ടാണ് ബിജെപി വിജയിച്ചത്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തിന്റെ തന്ത ബിജെപി മാത്രമല്ല, കോൺഗ്രസ് കൂടിയാണ്. മുരളീധരൻ മൂന്നാം സ്ഥാനത്തെത്തിയ സംഭവത്തിൽ കെപിസിസി അന്വേഷണ കമ്മീഷനെ വെച്ചെങ്കിലും റിപ്പോർട്ട് പോലും പുറത്ത് വന്നില്ലെന്നും മന്ത്രി റിയാസ് വിമർശിച്ചു.