പി ജയരാജന്റെ പുസ്തകത്തിന് മറുപടിയുമായി എം കെ മുനീറിന്റെ പുസ്തകമൊരുങ്ങുന്നു
കോഴിക്കോട്: സിപിഐഎം നേതാവ് പി ജയരാജന്റെ മുസ്‌ലിം രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന പുസ്തകത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് എം കെ മുനീറിന്റെ പുസ്തകമൊരുങ്ങുന്നു. പി ജയരാജന്റെ ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിനാണ് മറുപടിയൊരുങ്ങുന്നത്. ‘സിപിഎമ്മിന്റെ വര്‍ഗ രാഷ്ട്രീയവും, രാഷ്ട്രീയ വര്‍ഗീയതയും’ എന്ന പേരിലുള്ള പഠന ഗ്രന്ഥം മൂന്നു മാസത്തിനകം പുറത്തിറക്കാനാണ് തീരുമാനം.
തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ച് നിലനില്‍പ്പ് സാധ്യമാക്കുന്ന സിപിഐഎമ്മിന്റെ തനി നിറം തുറന്നുകാണിക്കുകയാണ് പുസ്തകത്തിന്റെ ലക്ഷ്യമെന്നാണ് എം കെ മുനീര്‍ മുന്നോട്ട് വെക്കുന്ന വാദം. പി ജയരാജന്റെ പുസ്തകത്തിലെ ആരോപണങ്ങളെ പുസ്തകത്തില്‍ പൊളിച്ചടുക്കുമെന്നാണ് പറയുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ സിപിഐഎം നേരിട്ട തിരിച്ചടിയും, നേതാക്കളും അണികളും ബിജെപിയില്‍ ചേര്‍ന്നതും പുസ്തകത്തിന്റെ ഉള്ളടക്കമാകുമെന്ന് പുസ്തകത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും നവോത്ഥാന പ്രവര്‍ത്തനങ്ങളിലും സിപിഐഎമ്മിന്റെ പൊളളവാദങ്ങള്‍ തുറന്നുകാണിക്കുന്നതോടൊപ്പം ദേശവിരുദ്ധതയിലും മനുഷ്യത്വവിരുദ്ധതയിലും സിപിഐഎം നടത്തിയ ഞെട്ടിക്കുന്ന പ്രതിലോമ പ്രവര്‍ത്തനങ്ങളും രേഖകള്‍ സഹിതം പുസ്തകത്തില്‍ പ്രതിപാദിക്കുമെന്നാണ് മുനീര്‍ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്ത പുസ്തകം ഇതിനോടകം വിവാദമായിട്ടുണ്ട്. മുസ്‌ലിം ലീഗിനെതിരെയും പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പുസ്തകത്തിലെ കാര്യങ്ങള്‍ പി ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.