Latest News

കെ.റെയിൽ വേണ്ട; മന്ത്രിക്ക് നിവേദനവുമായി സമരസമിതി

 കെ.റെയിൽ വേണ്ട; മന്ത്രിക്ക് നിവേദനവുമായി സമരസമിതി

കോഴിക്കോട്: കെ റെയിലിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് നിവേദനം നല്‍കി കെ റെയില്‍ വിരുദ്ധ സമരസമിതി. കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ സന്ദർശനത്തിടെയിലാണ് നിവേദനം നല്‍കിയത്. കെ റെയില്‍ കേരളത്തിന് ആവശ്യമല്ലേയെന്നായിരുന്നു മന്ത്രിയുടെ മറുപടി. സാങ്കേതിക–പാരിസ്ഥിതിക പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിലിന്‍റെ തുടർനടപടികള്‍ക്ക് സന്നദ്ധമാണെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സർക്കാർ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന മന്ത്രിയുടെ പ്രസ്താവന സില്‍വർ ലൈൻ ചർച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. കടുത്ത പ്രതിഷേധത്തിനൊടുവില്‍ പിന്നോട്ട് പോയ കെ റെയിലിന് വീണ്ടും ശ്രമിക്കുക സംസ്ഥാന സർക്കാരിന് അത്ര എളുപ്പമാകില്ല. കെ റെയില്‍ വരും കേട്ടോ എന്ന് പറഞ്ഞ മുഖ്യമന്ത്രിയും സർക്കാരും മുട്ടുമടക്കിയത് സംസ്ഥാനമാകെ ഉയർന്ന പ്രതിഷേധത്തിന് മുന്നിലായിരുന്നു. ഒപ്പം കെ റെയിലിനോട് നോ പറഞ്ഞ ബിജെപിയുടെ രാഷ്ട്രീയ നിലപാടും കാരണമായി.

അങ്ങനെ റെഡ് സിഗ്നല്‍ വീണ പദ്ധതിയില്‍ സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നതാണ് തൃശൂരില്‍ റെയില്‍വെ മന്ത്രിയുടെ പ്രസ്താവന. പക്ഷേ ട്രാക്കിലെ തടസങ്ങള്‍ അതികഠിനമാണെന്ന് മാത്രം. കെ റെയില്‍ ഡിപിആറില്‍ ഏറ്റവുമധികം എതിർപ്പ് ഉയർന്നത് പാരിസ്ഥിതിക പ്രശ്നങ്ങളിലാണ്. ഡിപിആർ മൊത്തം മാറ്റുക എളുപ്പമല്ല. ഭൂമി ഏറ്റെടുക്കലിന്‍റെ സാധ്യതാ പഠനം നിർത്തി ഉദ്യോഗസ്ഥരെ വിവിധ വകുപ്പുകളിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു സംസ്ഥാന സർക്കാർ.

ചെറിയൊരു പ്രതീക്ഷ വെച്ച്‌ അടുത്തിടെ ദില്ലിയില്‍ റെയില്‍വെ മന്ത്രിയുമായുള്ള ചർച്ചയില്‍ മുഖ്യമന്ത്രി കെ റെയില്‍ വീണ്ടും ഉന്നയിച്ചിരുന്നു. ഇനി എന്ത് പഠനത്തിനിറങ്ങിയാലും സർക്കാര്‍ വീണ്ടും നേരിടേണ്ടി വരിക അതിശക്തമായ സമരത്തെയാകും. പദ്ധതി നടപ്പക്കാരുതെന്നാവശ്യപ്പെട്ട് കെ റെയില്‍ വിരുദ്ധസമിതി കോഴിക്കോട് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയതും ഈ പശ്ചാത്തലത്തിലാണ്.

ഡിപിആർ സമർപ്പിച്ച്‌ നാലുവർഷം പിന്നിട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ബിജെപിയും രാഷ്ട്രീയ തീരുമാനം മാറ്റണം. ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ റെയില്‍വേ മന്ത്രിയുടെ പ്രസ്താവന കെ റെയില്‍ സമരത്തിനിറങ്ങിയ സംസ്ഥാന ബിജെപിയെയും വെട്ടിലാക്കി. നാലു വർഷം പിന്നിട്ടതോടെ ഇനി കെ റെയില്‍ നടപ്പാക്കാൻ അധികമായി വേണ്ടത് 20000 കോടി എന്നതും പ്രശ്നമാണ്. ഇതിനിടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുന്ന മഹാരാഷ്ട്രാ മോഡലിലെങ്കില്‍ അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്ന് റെയില്‍വേ മന്ത്രി അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes