പാലക്കാട് ബിജെപിയുടെ സ്ഥാനാർത്ഥി നിർണയം പാളി, ജനങ്ങൾ തന്നെ ചോദിച്ചു വേറെ ആളെ കിട്ടിയില്ലേ എന്ന്;നഗരസഭ അധ്യക്ഷ
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിന് പാളിച്ച സംഭവിച്ചതായി പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പരാതി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെന്നും സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമ്പോൾ പൊതുജനങ്ങളുടെ അഭിപ്രായം മാനിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥാനാര്‍ഥിയാക്കണമെന്ന് ഒരാള്‍ പറഞ്ഞാല്‍ സംസ്ഥാന, കേന്ദ്ര നേതൃത്വം അംഗീകരിക്കാന്‍ പാടില്ല. സംസ്ഥാനത്തോ ജില്ലയിലോ ഒരു വിഷയമുണ്ടെങ്കില്‍ പരിശോധിക്കേണ്ട കേന്ദ്ര നേതൃത്വം അത് ചെയ്തില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും സ്ഥാനാര്‍ഥിയെ കുറിച്ച് പരാതി വന്നിരുന്നു.
സി കൃഷ്ണകുമാറിന് സാമ്പത്തിക താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ കുറിച്ചറിയില്ല. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സി കൃഷ്ണകുമാര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പദവി രാജിവെക്കുമോയെന്നും തനിക്കറിയില്ല. സി കൃഷ്ണകുമാറിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെങ്കിലും ജയിക്കാനായില്ലെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.