പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് സിപിഐഎം നിര്‍ദേശത്താൽ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊലീസിന് മുമ്പില്‍ കീഴടങ്ങിയത് സിപിഐഎം നിര്‍ദേശത്തെ തുടര്‍ന്ന്. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് മൊത്തം പഴി കേള്‍ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലാകുമെന്നും ദിവ്യയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ദിവ്യ പൊലീസിന് മുമ്പിലെത്തിയത്.
അപ്പീലിന് പോകാനായിരുന്നു ദിവ്യയുടെ ആദ്യ ശ്രമം. എന്നാല്‍ അപ്പീലിന് പോയാല്‍ കാലതാമസമുണ്ടാകുമെന്ന് പാര്‍ട്ടി നിലപാട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും മാധ്യമ-പൊതുജന സമ്മര്‍ദ്ദം ചെറുതല്ലെന്നും ദിവ്യയെ പാര്‍ട്ടി ധരിപ്പിച്ചു. ഇതോടെ മറ്റൊരു വഴിയും മുന്നിലില്ലെന്ന് മനസിലാക്കിയ ദിവ്യ കീഴടങ്ങുകയായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ സിപിഐഎം ഇനിയും സംരക്ഷിക്കുമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. നവീന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. മുന്‍കൂര്‍ ജാമ്യം തള്ളും വരെ ദിവ്യയെ അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ഗവേഷണത്തിലായിരുന്നു പൊലീസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘സിപിഐഎം ദിവ്യയെ സംരക്ഷിച്ചില്ലെന്ന് പറയാന്‍ കഴിയില്ല. അത്രയും കഴിവ് കെട്ടവരല്ല കേരള പൊലീസ്. നവീന്റെ കൊലപാതകം പാലക്കാട്ടെ ഇടതുപക്ഷ പ്രവര്‍ത്തകരും ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത്തരം അവസ്ഥ തങ്ങള്‍ക്കും ഉണ്ടാകുമോ എന്ന ഭയം സിപിഐഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ട്. പാര്‍ട്ടിയെ തിരുത്തണമെന്ന് കരുതുന്ന അണികള്‍ യുഡിഎഫിന് വോട്ട് ചെയ്യും’, രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
അതേസമയം പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് തെറ്റായ വാദമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. പി പി ദിവ്യ കീഴടങ്ങിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യ പാര്‍ട്ടീ ഗ്രാമത്തില്‍ സംരക്ഷണത്തിലായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞത് മുഴുവന്‍ ശരിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കോക്കസിന്റെ നിര്‍ദേശ പ്രകാരം സിപിഐഎം ആണ് പി പി ദിവ്യയെ ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.