Latest News

നടക്കേണ്ടപോലെ പൂരം നടന്നില്ല; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

 നടക്കേണ്ടപോലെ പൂരം നടന്നില്ല; സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: നടക്കേണ്ടപോലെ പൂരം നടന്നില്ലെന്നും അതിന് ചിലർ സമ്മതിച്ചില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാൻ ശ്രമിച്ചവർക്ക് അതിൻറെ നേട്ടമുണ്ടായി. പൂരത്തിനെ സിപിഐ കാണുന്നത് സാംസ്കാരിക ഉത്സവമായിട്ടാണ്. പൂരം തൃശൂരിന്റെ വികാരമാണ്. അന്വേഷണത്തിലെ തൃപ്തിയെ കുറിച്ച് പിന്നെ പറയാമെന്നും ഇപ്പോൾ ലക്ഷ്യം ഉപതിഞ്ഞെടുപ്പിലെ വിജയം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ പ്രതികരണമാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ നടത്തിയത്. നിയമസഭയിൽ പറഞ്ഞ കാര്യം പുറത്ത് മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞുവെന്നും ആളെ പറ്റിക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൂരം കലങ്ങിയതാണെന്ന് എഫ്ഐആർ വ്യക്തമാക്കുന്നുണ്ട്. 36 മണിക്കൂർ നീണ്ട് നിൽക്കുന്ന ചടങ്ങിൽ തടസം ഉണ്ടായി. വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും മുരളീധരൻ ചോദിച്ചു. മൂന്ന് മണി മുതൽ ഏഴ് മണിവരെ പൂരം നിർത്തിവെച്ചത് പോലെയാണ്. സത്യം പുറത്ത് വരണം. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യം. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നതെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ല എന്ന് കാണുമ്പോൾ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.

നിയമസഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. പൂരം വിഷയത്തെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. സിപിഐഎം ബിജെപി ഡീലാണ് വീണ്ടും കാണാൻ കഴിയുന്നത്. ഇത് അപകടം പിടിച്ച കളിയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് മുഖ്യമന്ത്രി. കേരളത്തിൽ ബിജെപിയെ വളർത്താനുള്ള പരിപാടിയാണ് നടക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.

എന്നാൽ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം വിവാദമായതിന് പിന്നാലെ അന്വേഷണ നടപടികൾ വേഗത്തിലാക്കാനാണ് എസ്ഐടിയുടെ നീക്കം. എത്രയും വേഗം അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകാനുള്ള നീക്കം ഊർജിതമാക്കിയിട്ടുണ്ട്. പൂരം കലക്കലിൽ കേസുകൾ രജിസ്റ്റർ ചെയ്‌തതിന്‌ പിന്നാലെ മൊഴികൾ ഉടനടി രേഖപ്പെടുത്താനാണ് എസ്ഐടി നീക്കം. ഇതനുസരിച്ച് ദേവസ്വം ഭാരവാഹികളുടെ ഉൾപ്പടെ മൊഴി ഉടൻ രേഖപ്പെടുത്തും. അന്വേഷണം ഉടൻ പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഈ മാസം മൂന്നിനാണ് മുഖ്യമന്ത്രി തൃശൂർ പൂരം വിവാദത്തിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes