ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർത്ത് പുഷ്പ 2

അല്ലു അർജുൻ ചിത്രം പുഷ്പ 2 ബോക്സ് ഓഫീസിൽ റെക്കോർഡ് കളക്ഷനാണ് നേടുന്നത്. ചുരുക്കം ദിവസങ്ങൾ കൊണ്ട് തന്നെ സിനിമ 1000 കോടി എന്ന സംഖ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ അല്ലു അടുത്ത ചിത്രത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയുടെ സംവിധായകൻ ത്രിവിക്രം ശ്രീനിവാസിനൊപ്പമായിരിക്കും നടന്റെ അടുത്ത സിനിമ എന്നാണ് റിപ്പോർട്ട്. ഈ പ്രോജക്ടിന്റെ സ്ക്രിപ്റ്റ് വർക്കുകൾ പൂർത്തിയാകാറായതായും അത് പൂർത്തിയായ ഉടൻ ഫൈനൽ സ്ക്രിപ്റ്റ് നടനെ അറിയിക്കുമെന്നും ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തു. ഈ സിനിമയുടെ പ്രഖ്യാപനം 2025 ജനുവരിയിൽ നടക്കുമെന്നും സൂചനകളുണ്ട്.
അതേസമയം അല്ലു അർജുൻ സിനിമയായ പുഷ്പ 2 ആഗോള ബോക്സ് ഓഫീസിൽ 800 കോടിയും കടന്ന് മുന്നേറുകയാണ്. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.
പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് പുഷ്പ 2 മറികടന്നിരുന്നു. സിനിമയുടെ ടോട്ടല്‍ കളക്ഷന്‍ ഉടൻ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടിയായിരുന്നു നേടിയത്. ഇതും റെക്കോര്‍ഡായിരുന്നു.