Latest News

‘പ്രതിഫലം വാങ്ങുന്നത് വ്യക്തിപരം, മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല’, ആശാ ശരത്

 ‘പ്രതിഫലം വാങ്ങുന്നത് വ്യക്തിപരം, മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല’, ആശാ ശരത്

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചിലിനോട് പ്രതികരിച്ച് നര്‍ത്തകിയും നടിയുമായ ആശാ ശരത്. പ്രതിഫലം വാങ്ങാതെയാണ് താന്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്തം ഒരുക്കിയത്. സ്വന്തം ചെലവിലാണ് ദുബൈയില്‍ നിന്നും എത്തിയത്. കുട്ടികള്‍ക്കൊപ്പം നൃത്തവേദി പങ്കിട്ടത് സന്തോഷപൂര്‍വ്വമാണെന്നും ആശാ ശരത് പറഞ്ഞു.

‘നൃത്താധ്യാപിക കൂടി ആയതിനാല്‍ കുട്ടികള്‍ക്കൊപ്പം വേദിയിലെത്തിയതില്‍ അഭിമാനം. കുട്ടികളെ നൃത്തരൂപം പഠിപ്പിച്ച് അവര്‍ക്കൊപ്പം വേദിയിലെത്തി. 2022 ലെ കലോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവേ കുട്ടികള്‍ക്ക് നല്‍കിയ വാക്കാണ് പാലിച്ചത്. കുട്ടികള്‍ക്കൊപ്പമായതിനാല്‍ മാത്രമാണ്. പ്രതിഫലം വാങ്ങാതിരുന്നത്. പ്രതിഫലം വാങ്ങുന്നത് വ്യക്തിപരമായ തീരുമാനമാണ്. മറ്റുള്ളവര്‍ പ്രതിഫലം വാങ്ങുന്നതില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ല’, ആശാ ശരത് പറഞ്ഞു.

സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം. എന്നാല്‍ നടിയുടെ പേര് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.

‘16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന് വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അഞ്ച് ലക്ഷം രൂപയാണ് അവര്‍ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നല്‍കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചു’വെന്നും ശിവന്‍കുട്ടി പറഞ്ഞു.

‘സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്ത് നൃത്തത്തില്‍ വിജയിച്ചതുകാരണമാണ് ഇവര്‍ സിനിമയിലെത്തുന്നത്. ഇത്തരക്കാര്‍ പിന്‍തലമുറയിലുള്ള കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്’ എന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes