സൂര്യ ഒരുങ്ങുന്നു; വമ്പൻ തിരിച്ചുവരവിനായി, ഫാൻസ് ഷോകൾ വിറ്റ് തീർത്ത് കങ്കുവ

ഒരു കാലത്ത് കേരളത്തിൽ വിജയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന നടനായിരുന്നു സൂര്യ. എന്നാൽ മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും സൂര്യയെയും സൂര്യ ചിത്രങ്ങളെയും കളക്ഷനിൽ പിന്നോട്ടടിച്ചു. വീണ്ടും തന്റെ ഒന്നാം സ്ഥാനം പിടിച്ചടക്കാൻ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് സൂര്യ. ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ റിലീസിനെ വലിയ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ സൂര്യ ആരാധകർ.
ചിത്രത്തിന്റെ റിലീസിന് ഒരു മാസം ബാക്കി നിൽക്കെ ഫാൻ ഷോ ടിക്കറ്റുകൾ വളരെ വേഗം വിറ്റ് തീരുന്ന കാഴ്ചയാണ് കാണാനാകുന്നത്. കോഴിക്കോട്ടെ പ്രശസ്ത തിയേറ്ററായ അപ്സരയിൽ ആയിരത്തോളം വരുന്ന സീറ്റുകൾ ഫാൻ ഷോക്കായി ബുക്ക് ചെയ്തിരിക്കുകയാണ് സൂര്യ ആരാധകർ. ഫാൻസ് ഷോയുടെ മുഴുവൻ ടിക്കറ്റുകളും ഇപ്പോൾ വിറ്റുതീർന്നിരിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഏറെ നാളത്തെ കാത്തിരിപ്പ് ശേഷമാണ് ഒരു സൂര്യ ചിത്രം റിലീസിന് മുൻപ് കേരളത്തിൽ വലിയ ചലനം സൃഷ്ടിക്കുന്നത്.
ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് വലിയ കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന കങ്കുവ നവംബർ 14 ന് തിയേറ്ററിലെത്തും. പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന കങ്കുവയുടെ ബജറ്റ് 350 കോടിയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ഈ ചിത്രം ഒരുക്കുന്നത്.ഗോകുലം മൂവീസ് ആണ് സിനിമയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.