പുൽവാമയിൽ ഭീകരാക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് വെടിയേറ്റു
പുൽവാമ: കശ്മീരിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് നേരെ വീണ്ടും ഭീകരാക്രമണം. തെക്കൻ കശ്മീരിലെ പുൽവാമയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശി ശുഭം കുമാറിന്റെ കയ്യിൽ വെടിയേറ്റു. പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ദിവസമാണ് ഗന്ദർബാൽ ജില്ലയിൽ ഭീകരാക്രമണമുണ്ടായത്. ഇവർ തന്നെയാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. ഗന്ദർബാല്ലിൽ നടന്ന ആക്രമണത്തിൽ ഒരു ഡോക്ടർ ഉൾപ്പടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.